ഡിജിറ്റലാവാന്‍ വില്ലേജ് ഓഫീസുകള്‍ ‘മുടന്തുന്നു’

0 113

 

 

ഇരിങ്ങാലക്കുട: വില്ലേജ് ഓഫീസുകള്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. കുറ്റമറ്റ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുടെ അഭാവവും കൃത്യമായ പരിശീലനത്തിന്റെ പോരായ്മയുമാണ് കാരണം.

ആയിരം രൂപയിലധികം വരുന്ന നികുതികള്‍ കാര്‍ഡ് വഴി മാത്രമേ സ്വീകരിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇ-പോസ് യന്ത്രങ്ങളുടെ തകരാറും വേഗംകുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യവും പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ തടസ്സമാകുന്നു. വേഗംകൂടിയ ഫൈബര്‍ എഫ്‌.ടി.ടി.എച്ച്‌. ഇന്റര്‍നെറ്റ് സംവിധാനം വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇത് നടപ്പായിട്ടില്ല.

വൈദ്യുതി, ഇന്‍ര്‍നെറ്റ് പ്രശ്നങ്ങളില്‍ തകരാറുണ്ട്

ഓണ്‍ലൈന്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്ന വില്ലേജ് ഓഫീസുകളില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് അടക്കമുള്ളവയില്‍ പ്രശ്നങ്ങളുണ്ട്. കംപ്യൂട്ടര്‍ തകരാറുകള്‍ പരിഹരിക്കാന്‍ എംപാനല്‍ഡ് ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. പരാതിലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രശ്നം പരിഹരിക്കും.

ഓണ്‍ലൈനായി പരാതിനല്‍കാന്‍ കഴിയുമെങ്കിലും പലരും താലൂക്കാഫീസുകളില്‍ അറിയിക്കുകയാണ് ചെയ്യുന്നത്. വേഗംകൂടിയ ഫൈബര്‍ എഫ്‌.ടി.ടി.എച്ച്‌. ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്നത് ബി.എസ്.എന്‍.എലാണ്. അത് പലയിടത്തും പൂര്‍ത്തിയാക്കാനായിട്ടില്ല. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യത്തിലും പ്രശ്നങ്ങളുണ്ട്. വില്ലേജുകളില്‍ അടയ്ക്കേണ്ട വലിയ തുകകള്‍ ഡി.ഡി. ആയോ ചെക്കായോ സ്വീകരിക്കാന്‍ കഴിയും. മൊബൈല്‍വഴി നികുതിയടയ്ക്കാന്‍ ഒരു ആപ്പ് തയ്യാറാക്കാനുള്ള പദ്ധതിയുണ്ട്. ആറുമാസത്തിനകം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ മൊബൈലിലൂടെത്തന്നെ നികുതിയടയ്ക്കാം. -അനു എസ്. നായര്‍, സംസ്ഥാന ഐ.ടി. നോഡല്‍ ഓഫീസര്‍

വേഗം പരിഹരിക്കണം

ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയുംവേഗം പരിഹരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.