നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നില്‍: ഉത്തരമേഖല ഡിഐജി കെ സേതുരാമന്‍

0 59

 

നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് ഉത്തരമേഖല ഡി ഐ ജി കെ സേതുരാമന്‍ അഭിപ്രായപ്പെട്ടു.ദേശീയ മാധ്യമങ്ങളില്‍ നിഷ്പക്ഷത പ്രകടമാകുന്നില്ല. ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങള്‍ വഴിപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല.ജനാധിപത്യത്തിന്റെ കാവലാളായി തന്നെ ഇവിടുത്തെ മാധ്യമങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. മാധ്യമ ലോകം നേരിടുന്ന അപചയങ്ങളും വെല്ലുവിളികളും വിഷയമാക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂര്‍ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തില്‍ ഇടപെടണം. സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി മാധ്യമ പ്രവര്‍ത്തനം വിപുലീകരിക്കണം. മലയാള മാധ്യമ വെബ്‌സൈറ്റുകള്‍ കൂടുതല്‍ പ്രചാരം നേടണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും മാധ്യമ പ്രവര്‍ത്തകരായി മാറാവുന്ന കാലമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ജനങ്ങളുടെ ഇടപെടലുകളും വര്‍ധിച്ചു. മലയാള ഭാഷയുമായും മലയാള പത്രങ്ങളുമായും പുതുതലമുറയെ അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു