വേങ്ങരയിലെ നേതാവിന് ദിലീപും കാവ്യയും അൻപത് ലക്ഷം നൽകി: ആരോപണവുമായി ബൈജു കൊട്ടാരക്കര

0 516

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ ജയിലിലായ ദിലീപിന് ജാമ്യം  ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിൻ്റെ മകൻ ദിലീപിൻ്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപയാണ് നേതാവിൻ്റെ മകൻ ഡിമാൻഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിൻ്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൊടുത്തുവെന്നും ബൈജു ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ:

2017 സെപ്തംബർ 21-ന് ദിലീപിൻ്റെ അനിയൻ അനൂപും സുഹൃത്ത് സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവർ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാൻ ഇവ‍ർക്ക് അവസരമൊരുങ്ങിയത്

ഒരു ഡീലുറപ്പിക്കാൻ വേണ്ടിയാണ് അവർ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങൾ കൈകാര്യം ചെയ്തോളാം എന്ന ഉറപ്പ് അന്ന് അയാളിൽ നിന്നും അവർക്ക് കിട്ടി. പിന്നീട് ജയിലിൽ നിന്നും ദിലീപ് ഇറങ്ങിയ ശേഷം അപ്പുണി ഓടിച്ച കാറിൽ ദിലീപും കാവ്യയും വേങ്ങരയിലെത്തി അൻപത് ലക്ഷം രൂപ ഈ നേതാവിന് നൽകി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ ദിലീപിൻ്റെ കൈവശമുണ്ട്. ബാക്കി പണം ദില്ലിയിൽ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നൽകിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാൻ്റാ എന്ന ചിത്രത്തിൽ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിൻ്റെ ബാലൻസ് തുക മൂന്നര കോടി ദില്ലിയിലാണ് കൊടുത്തത്. ഇങ്ങനെ പല കളികളും ഇതിലുണ്ട്.

2017- ഒക്ടോബറിൽ ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ മകൻ ദിലീപിൻ്റെ സുഹൃത്തായ ഒരു സംവിധായകനെ വിളിച്ചു. ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിലിറക്കുന്ന കാര്യം തങ്ങളേറ്റെന്നും പകരം പത്ത് കോടി നൽകണമെന്നും അയാൾ സംവിധായകനോട് പറഞ്ഞു. എന്നാൽ ഈ സംവിധായകൻ നേതാവിൻ്റെ മകനോട് ക്ഷുഭിതനായി ഫോൺ വച്ചു. എന്നാൽ പിന്നീട് ദിലീപ് ജയിൽ മോചിതനായി വന്നപ്പോൾ ഈ ഫോൺ കോളിനെ കുറിച്ച് സംവിധായകൻ പറഞ്ഞു.

ഇങ്ങനെയൊരു ഫോൺ കോൾ വന്നെന്നും ഇതു ഫോണിൽ റെക്കോർഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പേടിച്ച് താൻ ഡിലീറ്റ് ചെയ്തുവെന്നും സംവിധായകൻ ദിലീപിനോട് പറഞ്ഞു. എന്നാൽ ഇതുകേട്ട ദിലീപ് സംവിധായകനോട് പൊട്ടിത്തെറിച്ചു. തന്നെ സ‍ർക്കാർ കുടുക്കിയതാണെന്ന് സ്ഥാപിക്കാനുള്ള അവസരമാണ് ഇല്ലാതായതെന്നും ആ ഫോണ് കോൾ റെക്കോർഡ് വീണ്ടെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അങ്ങനെ ദിലീപ് സംവിധായകൻ്റെ ഐഫോണ് ഫൈവ് സീരിസിലുള്ള ഫോൺ വാങ്ങി വച്ചു.

എറണാകുളം പെൻ്റാ മേനകയിലുള്ള സെല്ലുലാർ കെയർ എന്ന സ്ഥാപനത്തിലുള്ള സലീഷ് എന്ന പയ്യനെ ദിലീപ് വിളിച്ചു വരുത്തി ഫോൺ ഏൽപിച്ചു. സിനിമയിൽ അസി.ഡയറക്ടറായും മറ്റും പ്രവർത്തിച്ചയാളാണ് സലീഷ്. ബാലചന്ദ്രകുമാറാണ് സലീഷിനെ ദിലീപിൻ്റെ അടുത്ത് എത്തിച്ചത്. എന്നാൽ അറിയാത്ത ഒരാൾക്ക് തൻ്റെ ഫോൺ കൊടുക്കാൻ സംവിധായകൻ തയ്യാറായില്ല. എന്നാൽ ദിലീപ് കടുത്ത സമ്മർദ്ദം ചെലുത്തി ഈ ഫോണ് വാങ്ങിച്ചു. തുടർന്ന് സലീഷ് ആവശ്യപ്പെട്ട പ്രകാരം ദിലീപിൻ്റെ അനുജൻ 90,000 രൂപ മുടക്കി ഡോ. ഫോൺ എന്ന സോഫ്റ്റ് വെയ‍ർ വാങ്ങി. എന്നാൽ വേറെ പലതും കിട്ടിയെങ്കിലും ഈ കോൾ റെക്കോർഡ് മാത്രം തിരിച്ചെടുക്കാൻ സലീഷിന് സാധിച്ചില്ല. ഒടുവിൽ അമേരിക്കയിൽ ഐ ഫോൺ കമ്പനിയിൽ ഫോൺ അയച്ച് പത്ത് ലക്ഷം രൂപയോളം  മുടക്കി ആ കോൾ റെക്കോർഡ് ദിലീപ് തിരിച്ചു പിടിച്ചു.

സലീഷിനേയും ദിലീപിനേയും പരിചയപ്പെടുത്തി കൊടുത്തത് ബാലചന്ദ്രകുമാർ ആണെങ്കിലും അവർ രണ്ട് പേരും പിന്നീട് അടുത്ത സുഹൃത്തുകളായി. വളരെ കാലം കഴിഞ്ഞ ബാലചന്ദ്രകുമാറിനെ സലീഷ് വിളിച്ചു സൗഹൃദം പുതുക്കിയിരുന്നു. താൻ ദിലീപിനെ വീണ്ടും കാണാൻ പോകുന്നുണ്ടെന്നും അന്ന് സലീഷ് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. അവിടുന്നങ്ങോട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ ആലുവയിൽ അജ്ഞാതവാഹനം ഇടിച്ച് സലീഷ് മരിച്ചു