ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

0 1,764

ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. തൃശൂർ സ്വദേശി സലീഷിന്റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ഓഗസ്റ്റ് 30 നായിരുന്നു സലീഷിന്റെ മരണം. സലീഷ് ഓടിച്ചിരുന്ന കാർ അങ്കമാലി ടെൽക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം.

തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സലീഷിന്റെ മരണത്തിൽ കഴിഞ്ഞദിവസം സംവിധായകൻ ബാലചന്ദ്രകുമാർ ദുരൂഹത ആരോപിച്ചിരുന്നു. സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു.

സലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് സലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. അതേസമയം വധ ഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോൺ ഹൈക്കോടതിക്ക് കൈമാറി. കേസിലെ മറ്റ് പ്രതികളുടേതുൾപ്പെടെ ആറ് ഫോണുകളാണ് കോടതിക്ക് കൈമാറിയത്.

മുംബൈയിൽ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകൾ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ദിലീപിന് നാലു ഫോണുകൾ ഉണ്ടെന്നും ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.