ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക്; അൺലോക്ക് പാറ്റേണ്‍ നല്‍കാന്‍ നിര്‍ദ്ദേശം

0 504

വധ ഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ അൺലോക്ക് പാറ്റേണ്‍ നല്‍കാന്‍ നിര്‍ദ്ദേശം. നടന്‍ ദിലീപിൻ്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നല്‍കണമെന്നാണ് നിര്‍ദ്ദശം. ഇക്കാര്യം അറിയിച്ച് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തണമെന്നാണ് നിര്‍ദ്ദേശം. ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ കോടതിയിൽ അപേക്ഷ നൽകി. കോടതിയനുമതിയോടെ ദിലീപിൻ്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ആറു മൊബൈൽ ഫോണുകളാണ് ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ഇവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് കോടതിതന്നെ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാൽ പ്രതികൾ തടസവാദവുമായി എത്തുമെന്ന് കണക്കുകൂട്ടിയാണ് ഈ നീക്കം

സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ സംഭാഷണത്തിലുളളത് തങ്ങളുടെ ശബ്ദം തന്നെയാണെന്ന് ദിലീവും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സംവിധായകൻ റാഫി അടക്കമുളള സുഹൃത്തുക്കളും ശബ്ദം സ്ഥീരീകരിച്ചിരുന്നു. എന്നാൽ പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിലാണ് ശബ്ദ സാമ്പിൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. കോടതിയനുസമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധന നടത്താനാണ് നീക്കം.