യൂത്ത് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി; രണ്ട് പേരെ സസ്പെൻഡ് ചെയ്തു

0 477

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന സമിതിയംഗം ഷൈൻലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ചാണ് നടപടി.

പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ എടുത്ത അച്ചടക്ക നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യോഗത്തിൽ തർക്കം. മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂറിൻറെ അനുയായികളാണ് നടപടി നേരിടുന്നത്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, സംഘടനാമര്യാദ ലംഘിച്ച് നടപടി എടുക്കുന്നു എന്നാണ് ഇവരുടെ പരാതി.

ചിന്തൻ ശിബിറിലെ മോശം പെരുമാറ്റത്തിന് വനിതാ നേതാവ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തിരുന്നു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് ഒരു വർഷത്തേക്ക് കെപിസിസി സസ്പെൻഡ് ചെയ്തത്. പരാതി വിവാദമായപ്പോൾ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ കുടുക്കാൻ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു എന്നായിരുന്നു വിവേകിൻ്റെ വിശദീകരണം.