സമ്പർക്കം വഴി രോഗ ബാധ; ഇരിട്ടി താലൂക്കിലെ മൂന്ന് പഞ്ചായത്തുകൾ അടച്ചിട്ടു

0 1,738

സമ്പർക്കം വഴി രോഗ ബാധ; ഇരിട്ടി താലൂക്കിലെ മൂന്ന് പഞ്ചായത്തുകൾ അടച്ചിട്ടു

ഇരിട്ടി: സമ്പർക്കം വഴി കൊറോണാ വ്യാപനം ഉണ്ടായതിനെത്തുടർന്ന് ഇരിട്ടി താലൂക്കിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകൾ അടച്ചിട്ടു . സമ്പർക്കം വഴിയുള്ള രോഗ ബാധ തടയാൻ ആരോഗ്യ വകുപ്പ് പഴുതടച്ച പ്രതിരോധ നടപടികൾ കൈക്കൊള്ളുമ്പോൾ തന്നെയാണ് മലയോരത്തെ മൂന്ന് സമീപ പഞ്ചായത്തുകൾ സമ്പർക്ക രോഗബാധയെ തുടർന്ന് പൂർണ്ണമായും അടച്ചിടേണ്ടി വന്നത്. ഇത് മേഖലയിൽ ദുരിതത്തിനൊപ്പം അതീവ ആശങ്കയുമാണ് ഉണ്ടാക്കിരിക്കുന്നത്. ഒരാഴ്ച്ചക്കിടയിലാണ് മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലായി സമ്പർക്കം വഴി ആറുപേർക്ക് രോഗം സ്ഥിരീകരിച്ചത്. മേഖലയിൽ ഇതുവരെ 13 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതിൽ ആറുപേർക്കും സമ്പർക്കം വഴിയാണ് രോഗം ഉണ്ടായതെന്ന കാര്യം അതീവ ഗൗരവത്തിൽ കാണേണ്ടതുമാണ്.
സമ്പർക്കം വഴി ഉണ്ടായ രോഗ ബാധമൂലം തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ പഞ്ചായത്തുകളാണ് പൂർണ്ണമായും അടഞ്ഞു കിടക്കുന്നത്. ഇവരുടെ പ്രഥമ സമ്പർക്ക പട്ടികയും വളരെ വലുതാണ്. തില്ലങ്കേരിയിൽ മൂന്ന് പേർക്കും മുഴക്കുന്നിൽ രണ്ട് പേർക്കും പടിയൂരിൽ ഒരാൾക്കുമാണ് സമ്പർക്കം വഴി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തില്ലങ്കേരിയിലെ മൂന്ന് പേർക്ക് അവരുടെ വീട്ടിൽ നിന്നാണ് രോഗബാധയുണ്ടായത്. കാവുംപടിയിലെ വിമാന ജോലിക്കാരായ ദമ്പതികളിൽ നിന്നാണ് ഇവർക്ക് രോഗം ഉണ്ടായത്. ഇവരിൽ നിന്നാണ് മുഴക്കുന്ന് ആയിച്ചോത്തെ യുവാവിന് രോഗം ബാധിച്ചത്. ഇയാൾക്ക് മുഴക്കുന്ന് , തില്ലങ്കേരി പഞ്ചായത്തുകളിലായി നിരവധി പേരുമായി സമ്പർക്കം ഉണ്ടായി. പേരാവൂർ പഞ്ചയത്തിലും സമ്പർക്കം ഉണ്ടായതിനെ തുടർന്ന് അവിടേയും ചില വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
മുഴക്കുന്നിലെ തന്നെ കെ എസ് ആർ ടി സി ജീവനക്കാരന് എവിടെ നിന്നാണ് രോഗം കിട്ടിയത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുമായും സമ്പർക്കം ഉണ്ടായെന്നാണ് സംശയിക്കുന്നത്. പടിയൂരിൽ ചൊവ്വാഴ്ച്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മട്ടന്നൂരിലെ എക്സൈസ് ജീവനക്കാരനായ യുവാവിനും എവിടെ നിന്നും രോഗബാധയുണ്ടായി എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. നിരവധിപേരുമായും സമ്പർക്കം ഉണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് ചൊവ്വാഴ്ച്ച രാത്രി തന്നെ പഞ്ചായത്ത് മുഴുവനായും അടച്ചിടാൻ ജില്ലാ ഭരണ കൂടം നിർദ്ദേശം നൽകിയത്.
ഇരിട്ടി നഗരം ഉൾപ്പെടുന്ന പയഞ്ചേരി വാർഡിൽ ഗൾഫിൽ നിന്ന് എത്തിയ ഒരു കുടുംബത്തിലെ നാലുപേർക്ക് രോഗം ബാധിച്ചതും അതിൽ 70 കാരൻ മരിച്ചതും അടുത്തിടെയാണ്. നഗരസഭയിലെ എടക്കാനത്തും രോഗം കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം തുടരുകയാണ്.
സമ്പർണ്ണ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷം മേഖലയിൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് കടകളെല്ലാം തുറക്കാൻ കഴിഞ്ഞത്. ഇതുമൂലം കടുത്ത സമ്പത്തിക ഞെരുക്കമാണ് മേഖല അനുഭവപ്പെടുന്നത്. കാലവർഷം ആരംഭിച്ചിരിക്കെ പ്രളയക്കെടുതികളും മേഖലയെ തുറിച്ചു നോക്കുകയാണ്. മലയോര മേഖലയിൽ കാട്ടാനകളുടെ ശല്യം മൂലമുള്ള നാശ നഷ്ടങ്ങളും ഏറി വരികയാണ്