ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടല്‍; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ്

0 6,961

കോഴിക്കോട്: ഐഎന്‍എല്‍ (Indian National League) സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും പിരിച്ചുവിട്ട നടപടി അം​ഗീകരിക്കില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം വന്നതെന്നും ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും അബ്ദുല്‍വഹാബ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാന്‍ ദേശീയ നിര്‍വാഹക സമിതിക്ക് അധികാരമില്ല. അതിനാല്‍ തന്നെ ഉടന്‍ തന്നെ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. ഇക്കാര്യത്തില്‍ മുന്നണി നേതൃത്വത്തെയും നേരത്തെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവരെയും അറിയിക്കുമെന്നും അബ്ദുല്‍വഹാബ് പറഞ്ഞു.

തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിക്കുകയും പിന്നീട് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തുകയും ചെയ്തിട്ടും പാര്‍ട്ടിയിലെ ചേരിപ്പോര് അതേപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎന്‍എല്ലിന്‍റെ സംസ്ഥാന തല സമിതികള്‍ പിരിച്ചുവിടാനുളള ദേശീയ നിര്‍വാഹക സമിതി തീരുമാനം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോ​ഗത്തിലാണ് നടപടിയുണ്ടായത്. ഈ യോഗത്തില്‍ അബ്ദുല്‍വഹാബ് പങ്കെടുത്തിരുന്നില്ല.