പാലക്കാട് യൂത്ത് കോൺഗ്രസിൽ നേതൃത്വത്തോടുളള അതൃപ്തിയെതുടർന്നുളള കൂട്ടരാജി തുടരുന്നു. തത്തമംഗലം മണ്ഡലം കമ്മറ്റിയിൽ നിന്ന് 53 പേർ രാജി സന്നദ്ധത അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനാണ് പ്രവർത്തകർ കത്ത് നൽകിയത്. Huge resignations in Palakkad Youth Congress
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് രാജ്യം ആഗ്രഹിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വം ജനാധിപത്യത്തേയും മതേതരത്വത്തേയും തകർക്കുന്ന പ്രവർത്തനങ്ങൾ നേതൃത്വം നടത്തുന്നുവെന്നാണ് പരാതി. ജില്ലാ സമ്മേളന നടത്തിപ്പിൽ നിന്ന് വിട്ടുനിന്ന എട്ട് മണ്ഡലം കമ്മറ്റികൾ സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ കലാപം പൊട്ടിപ്പുറപ്പെടുകയും നെന്മാറ, ലക്കിടി, പേരൂർ മണ്ഡലം കമ്മറ്റികളിൽ നിന്ന് നൂറോളം പേർ രാജി വെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്ററുകൾ. ‘ഷോഫി’ ഫാൻസ് പാലക്കാട്ടെ കോൺഗ്രസിന് ബാധിച്ച കാൻസർ എന്നുൾപ്പെടെ പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.