ജില്ലാ ആസ്പത്രി ജീവനക്കാരെ എത്തിക്കാന്‍ മൂന്ന് വാഹനങ്ങള്‍ കൂടി

0 390

 

കണ്ണൂര്‍ : ജില്ലയില്‍ കൊറോണബാധിതരുടെ എണ്ണം കൂടുമ്ബോള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി ജില്ലാ ആസ്പത്രി. ആസ്പത്രിയിലെ സ്ഥിരം, താത്കാലിക ജീവനക്കാരും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 700 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ നിരവധി ജീവനക്കാര്‍ക്ക് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആസ്പത്രിക്കു സമീപമുള്ള ഹോസ്റ്റലുകളില്‍ പ്രത്യേക താമസസൗകര്യം ഒരുക്കി.

കരിവെള്ളൂര്‍ മുതല്‍ തലശ്ശേരി വരെയുള്ള നൂറിലധികം ജീവനക്കാരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായി. എന്നാല്‍ ജില്ലാപഞ്ചായത്തും ജില്ലാ ഭരണകൂടവും സൂപ്രണ്ട് ഡോ. വി.കെ.രാജീവനും മുന്‍കൈ എടുത്തത്തോടെ മൂന്ന് സ്വകാര്യവാഹനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ആസ്പത്രിയുടെ രണ്ട് വാഹനത്തിന് പുറമെയാണിത്. കരിവെള്ളൂര്‍, ആലക്കോട്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് എഴുപതോളം ജീവനക്കാരെ ഈ വാഹനത്തില്‍ ആസ്പത്രിയിലെത്തിക്കാനായി. നഴ്സിങ്‌ അസിസ്റ്റന്റ്‌, സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എല്ലാം ഇതില്‍പെടും.

ആരോഗ്യവകുപ്പ് ജീവനക്കാരുടെ യാത്രാസൗകര്യം ഒരുക്കാന്‍ ജോയിന്റ് കൗണ്‍സില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.