ഇ ക്ലാസ് ചലഞ്ച് വന്‍ വിജയമെന്ന് ജില്ലാ പഞ്ചായത്ത് യോഗം 

0 466

ഇ ക്ലാസ് ചലഞ്ച് വന്‍ വിജയമെന്ന് ജില്ലാ പഞ്ചായത്ത് യോഗം 

ഇ ക്ലാസ് ചലഞ്ച് വന്‍ വിജയമായിത്തീര്‍ന്നെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. ദുര്‍ബലരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ അവസരോചിതമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നാണ് ഇ ക്ലാസ് ചലഞ്ച് ആരംഭിച്ചത്. മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി- യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ഇ ക്ലാസ് ചലഞ്ചിന് വലിയ പിന്തുണയാണ് നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് യോഗത്തില്‍ പറഞ്ഞു. അവര്‍ക്കുള്ള അഭിനന്ദനവും പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു.

ആദ്യഘട്ട കണക്ക് പ്രകാരം ജില്ലയില്‍ 7800 ഓളം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പൊതുകേന്ദ്രങ്ങള്‍ വഴി കുട്ടികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കി.  ഇന്നലെ വെള്ളറ കോളനി, ശങ്കരന്‍ കണ്ടി കോളനി, ചെമ്മരം കോളനി, അരുവിക്കല്‍ കോളനി, ആറളം ജനകീയ വായനശാല, രാജീവ് ഗാന്ധി കോളനി( കരിക്കോട്ടക്കരി), പാല്‍ചുരം താഴെ കോളനി എന്നിവിങ്ങളിലായി ഏഴ് ടി വികള്‍ നല്‍കി. മയ്യില്‍ കോറളായി, എകെജി വായനശാല, മൊറാഴ ഈലിപ്പുറം കോളനി, മാട്ടറ കമ്യൂണിറ്റി സെന്റര്‍, കുന്നത്തൂര്‍ അങ്കണവാടി, മൊയാലംതട്ട് അങ്കണവാടി, ചെങ്ങളായി എന്നിവിടങ്ങളിലും ടി വി നല്‍കി.

വിവിധ കോളനികളിലായി ഇതിനകം 71 ടിവികള്‍  നല്‍കിയിട്ടുണ്ട്.  സ്‌കൂളുകള്‍ വഴി നിര്‍ദ്ധനരായ 35 കുടുംബങ്ങള്‍ക്ക് ടി വി നല്‍കി. ശനിയാഴ്ചയോടെ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ദീര്‍ഘകാലത്തേക്ക് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കിയ പൊതുകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധ്യാപകരെ ചുമതലപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.

സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ചെയ്ത് തീര്‍ക്കണമെന്നും എല്ലാ സ്‌കൂളുകളിലും ടൊയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിന് ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ കമ്പി വേലികള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് ആരംഭിക്കുന്നതിനായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യോഗം തീരുമാനിച്ചു. പ്രളയ സാധ്യത കണക്കിലെടുത്ത് റോഡ് പ്രവൃത്തികളുടെ കണക്ക് വിവരം ജൂലൈ മാസം അവസാനത്തോടെ തീരുമാനിക്കുമെന്നും യോഗം അറിയിച്ചു.

ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയപാലന്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, തോമസ് വര്‍ഗ്ഗീസ്, മാര്‍ഗരറ്റ് ജോസ, കാരായി രാജന്‍ എന്നിവര്‍ സംസാരിച്ചു.