എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡെന്ന നേട്ടത്തിലേക്ക് ജില്ല

0 206

കണ്ണൂർ :റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലുമില്ലായെന്ന നേട്ടം കൈവരിക്കാനൊരുങ്ങി കണ്ണൂര്‍ ജില്ല. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 272 പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കി. ബാക്കിയുള്ള 12 പേര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതോ ഒരു റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതോ ആയ ഒരാള്‍ പോലും ഇല്ലാത്ത ജില്ലയായി കണ്ണൂര്‍ മാറും.
ഇതിന് പുറമെ ഓപ്പറേഷന്‍ യെല്ലോയിലൂടെ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരെ കണ്ടെത്തി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് അനുവദിക്കുകയും ചെയ്യുന്നു. ജില്ലയിലാകെ 1666 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുകയും 30.52 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. മാരകരോഗങ്ങള്‍ പിടിപ്പെട്ടവരുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തതും ഗുരുതര രോഗങ്ങള്‍ (കാന്‍സര്‍, ഡയാലിസിസ്, ഓട്ടിസം, കിടപ്പുരോഗികള്‍) ഉളളവര്‍ ഉള്‍പ്പെട്ട അംഗങ്ങളുള്ള 36 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട മാരകരോഗമുള്ളവരുള്ള കുടുംബങ്ങള്‍ക്ക് 469 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാക്കി മാറ്റി. കൂടാതെ എ എ വൈ വിഭാഗത്തിലേക്ക് 655 റേഷന്‍ കാര്‍ഡുകളും പി എച്ച് എച്ച് വിഭാഗത്തിലേക്ക് 6399 റേഷന്‍ കാര്‍ഡുകളും മാറ്റി നല്‍കി.