മനുഷ്യനെ സംബന്ധിച്ച് ഭക്ഷണവും വെള്ളവും പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉറക്കം. ഒരാൾ ദിവസവും ആറ് മുതൽ എട്ട് മണിക്കൂർവരെ ഉറങ്ങണം എന്നാണ്. എന്നാൽ ഉച്ച ഉറക്കം നല്ലതാണോ?. ഒരു പക്ഷേ ഉച്ച ഉറക്കം ശരീരത്തിന് നല്ലതാണെന്നും, ചീത്തയാണെന്നുമുള്ള അഭിപ്രായങ്ങൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഉച്ചമയക്കം ശരീരത്തിന് ഗുണമാണോയെന്ന് നോക്കാം.
ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ശരീരത്തിന് ഏറെ മികച്ചതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഉച്ചയുറക്കം സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഉച്ചയ്‌ക്ക് സ്ഥിരമായി ഉറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.
ശരീരികവും മാനസികവുമായ ഉണർവ്വ് നൽകാൻ ഉച്ചയുറക്കത്തിന് കഴിയും. അമിത രക്തസമ്മർദ്ദത്താൽ വിഷമിക്കുന്നവർക്ക് ഉച്ചയുറക്കം ശീലമാക്കാവുന്നത് ആണ്. ഉച്ചയുറക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു,
പകൽ സമയങ്ങളിൽ ഉറങ്ങുന്നത് ഓർമ്മ ശക്തി വർദ്ധിക്കാൻ സഹായിക്കും. ഉച്ചയുറക്കം തലച്ചോറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉച്ചയുറക്കം അഡിനോസിൻ എന്ന പഥാർത്ഥത്തിന്റെ അളവ് കുറയ്‌ക്കും. ഇത് വഴി ശ്രദ്ധയും, ഓർമ്മ ശക്തിയും വർദ്ധിക്കും. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഉച്ച ഉറക്കം സഹായിക്കും. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനാൽ നമ്മുടെ ജോലികൾ കാര്യക്ഷമമായി ചെയ്യാനും സാധിക്കും.
ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ശരീര ഭാരം വർദ്ധിപ്പിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തെറ്റാണ്. ഉറക്കമില്ലായ്മയാണ് പൊണ്ണത്തടിയിലേക്ക് നയിക്കുക. ഉച്ചയ്‌ക്ക് ഉറങ്ങുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ കലോറി ഇല്ലാതാക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഉറക്കമില്ലായ്മ വിശപ്പ് ഹോർമോണിനെ ബാധിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. രാത്രി ശരിയായ ഉറങ്ങാൻ കഴിയാത്തവർ ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.