കൊല്ലത്ത് ഡോക്ടർക്ക് മർദനം : പ്രതി പിടിയിൽ
കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് മർദനം. രോഗിയുടെ ഒപ്പം വന്ന ആളാണ് ഡോക്ടറെ മർദിച്ചത്. പ്രതി പിടവൂർ സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് സംഭവം. അസിസ്റ്റന്റ് സര്‍ജ്ജന്‍ അനീഷ് പി ജോര്‍ജ്ജിനാണ് മർദനമേറ്റത്. അപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ ആളാണ് കയ്യേറ്റം ചെയ്തത്. ഡോക്ടറുടെ മുഖത്തടിച്ച ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സിനേയും പിടിച്ചു തളളി. ഇയാള്‍ മദ്യപിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മർദനത്തിന് ഇരയായ ഡോക്ടർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പത്തനാപുരം പോലീസ് പിടവൂര്‍ സ്വദേശി രാജേഷിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ പ്രതിഷേധിക്കുന്നതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോക്ടർ എൻ.ആർ റീന അറിയിച്ചു.