ആലപ്പുഴ സബ് കളക്ടർ തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് ഡോക്ടറുടെ പരാതി
ആലപ്പുഴ സബ് കളക്ടർ തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് ഡോക്ടറുടെ പരാതി. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രാജീവാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുവാൻ ശ്രമം നടക്കുന്നുവെന്നും സബ് കളക്ടർ അനുപം മിശ്ര പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയാറിന് ചെങ്ങന്നൂർ എഞ്ചിനിയറിങ് കോളേജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിക്കുന്നതുവേണ്ടി സബ് കലക്ടർ അനുപം മിശ്ര പരിശോധനയ്‌ക്കെത്തിയിരുന്നു. രാത്രി ഏഴുമണിയോടെയായിരുന്നു സന്ദർശനം. ഈ സമയം ഡോക്ടർ രാജീവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് ക്ഷുഭിതനായ സബ് കലക്ടർ സഹപ്രവർത്തകരോടും മറ്റ് പ്രതിനിധികളോടും തന്നെക്കുറിച്ച് മോശം ഭാഷയിൽ സംസാരിച്ചെന്നാണ് ഡോക്ടർ രാജീവ് പരാതി.
എന്നാൽ ഫോണിൽ ബന്ധപ്പെട്ടിട്ടും ഡോക്ടറെ ഫോണിൽ ലഭ്യമായില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ഏറെ നേരം കാത്തു നിന്നു. നിരുത്തരാവദിത്വപരമായ സമീപനമാണ് ഡോക്ടറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും അനുപം മിശ്ര പ്രതികരിച്ചു. അതേസമയം ഡോക്ടറും സബ്കലക്ടറും തമ്മിലുള്ള പ്രശനം പരിഹരിക്കാൻ ഉന്നത തലത്തിൽ ചർച്ചകൾ നടക്കുന്നതായി സൂചനയുണ്ട്. കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്‍റീൻ ലംഘിച്ച് സംസ്ഥാനം വിട്ടതിന് നടപടി നേരിട്ട് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.