‘ഇരിക്കുന്ന പദവി പരിഹാസ്യമാക്കരുത്; തിരിച്ചറിവ് വേണം’, ഗവർണർക്കെതിരെ മന്ത്രി പി രാജീവ്  

0 381

കൊച്ചി : മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഗവർണറുടെ ഭാഗത്ത് നിന്നും വല്ലാതെ തരം താഴുന്ന പ്രതികരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്നദ്ദേഹം എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് നടത്തിയത്. തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇതിലൂടെ ഗവർണറുടെ രാഷ്ട്രീയം ജനങ്ങൾക്ക് മനസിലായി. എന്നാൽ ഗവർണർ പദവിയിലിരുന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും പി രാജീവ് തുറന്നടിച്ചു.

നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നതിനെയും രാജീവ് വിമർശിച്ചു. ഇത് കോൺഗ്രസിൻ്റെ നിലപാടാണോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. ഇത് രാജഭരണമോ വൈസോയി ഭരണമോ അല്ല ജനാധിപത്യഭരണമാണെന്ന് മനസിലാക്കണമെന്നും രാ3ജീവ് അഭിപ്രായപ്പെട്ടു.