ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും 128 ഡോക്ടർമാർ കർമ്മ പഥത്തിലേക്ക്

0 804

മേപ്പാടി: പത്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ നാലാം ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ നിർവഹിച്ചു.

വളരെ ഉത്തരവാദിത്വവും അതിലുപരി മനുഷ്യ സ്നേഹവും നിറഞ്ഞു തുളുമ്പേണ്ട ഒരു ജോലിയാണ് ഡോക്ടർമാരുടേത്. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട രോഗികളുടെ ജീവിതത്തിൽ പുതുജീവൻ ഏകാൻ ഒരു ഡോക്ടർക്ക് സാധിക്കണം. അതോടൊപ്പം ഒരു ഉത്തമ മനുഷ്യ സ്നേഹിയായ വൈദ്യ സമൂഹത്തെ വാർത്തെടുക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ഉൽഘാടന പ്രസംഗത്തിൽ കെ കെ ശൈലജ പറഞ്ഞു. നിപ്പയും കൊറോണയും പോലുള്ള മഹാമാരികൾ കേരളത്തെ പിടിച്ച് കുലുക്കിയപ്പോൾ ആസ്റ്ററിന്റെ ആരോഗ്യ സ്ഥാപനങ്ങൾ നൽകിയ പിന്തുണ നന്ദിയോടെ സ്മരിക്കുന്നുവെന്നും അവർ പറഞ്ഞു.

ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ സർവകലാശാല സ്റ്റുഡന്റസ് അഫയർ വിഭാഗം ഡീൻ ഡോ. വി എം ഇക്ബാൽ, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, വൈസ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, പി ടി എ പ്രസിഡന്റ് നജീബ് കാരാടൻ, ഹൗസ് സർജൻസി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ആമിന ഷഹല എ പി,വൈസ് പ്രസിഡന്റ്‌ ഡോ.സൽമാൻ അഹമ്മദ് ഇ ജെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

2016 ബാച്ചിലെ ഏറ്റവും നല്ല മെഡിക്കൽ വിദ്യാർത്ഥിക്കുള്ള പുരസ്കാരം ഡോ. ശ്രീഷ്മ പി, ഏറ്റവും നല്ല ആസ്റ്റർ വളണ്ടിയറിനുള്ള പുരസ്കാരം ഡോ. ആതില തൗഫീഖ് എന്നിവർക്ക് ചടങ്ങിൽ സമർപ്പിക്കപ്പെട്ടു.

Get real time updates directly on you device, subscribe now.