പാലക്കാട്: റോഡുകളില്‍ പുലര്‍ച്ച നടക്കുന്ന വാഹനാപകടങ്ങളില്‍ 90 ശതമാനവും വില്ലനാകുന്നത് ഉറക്കമാണെന്ന് വസ്തുതയിലേക്ക് വിരല്ചൂണ്ടുമ്ബോഴും ഇവ നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകള്‍ കാര്യക്ഷമമല്ല. ഓരോ അപകടത്തിനുശേഷവും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വരുമെങ്കിലും അവ നടപ്പാകാറില്ല.
ദേശീയപാതയില്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലവും റിഫ്രഷ്മെന്റ് ബൂത്തും സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. ദീര്‍ഘദൂര ചരക്കുവാഹനങ്ങളില്‍ രണ്ടു ഡ്രൈവര്‍ എന്നത് നടപ്പാകുന്നില്ല. ചരക്കുവാഹനങ്ങള്‍ക്ക് മതിയായതോതില്‍ ഓട്ടം ലഭിക്കുന്നില്ലെന്നാണ് ട്രക്ക് ഉടമകളുടെ പ്രധാന മറുപടി. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നല്കുന്ന ശമ്ബളം, ഭാരത്തിനും വാഹനം പോകുന്ന കിലോമീറ്ററിനും അടിസ്ഥാനമാക്കിയാണ്.
രണ്ടുപേരെ നിയമിച്ചാല്‍ സംഖ്യ വീതിച്ചെടുക്കേണ്ടിവരും. വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പകല്‍സമയങ്ങളില്‍ പ്രവേശിക്കാന്‍ ഏറെ പരിമിതിയുള്ളതിനാല്‍ നേരം പുലരുംമുമ്ബേ നഗരത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിയാലേ സമയബന്ധിതമായി ഭാരമിറക്കാന്‍ കഴിയൂ.
പകല്‍സമയത്തും സന്ധ്യക്കും ട്രാഫിക്ക് കുരുക്കില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ പലപ്പോഴും നേരം പുലരുംമുമ്ബേ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ഓട്ടത്തിനിടയില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം നഷ്ടമാകുന്നതും അപകടത്തിന് കാരണമാകുന്നു.