ഡല്‍ഹിയില്‍ ദുരിതാശ്വാസവുമായി ലീഗ്; ആദ്യ ഗഡു ധനസഹായം വിതരണം ചെയ്തു

0 182

ഡല്‍ഹിയില്‍ ദുരിതാശ്വാസവുമായി ലീഗ്; ആദ്യ ഗഡു ധനസഹായം വിതരണം ചെയ്തു

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപ ബാധിത മേഖലയില്‍ ദുരിതാശ്വാസവുമായി മുസ്‍ലിം ലീഗ്. ഇതിന്‍റെ ഭാഗമായി ധനസഹായത്തിന്‍റെ ‌ആദ്യ ഗഡു വിതരണം ചെയ്തു. ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി അബ്ദുല്‍ മജീദ് ‌അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

കലാപ ബാധിത മേഖലയിലൊന്നായ ഓള്‍ഡ് മുസ്തഫാബാദില്‍ വെച്ചായിരുന്നു ലീഗിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. രണ്ട് മക്കള്‍ നഷ്ടപ്പെട്ട ബാബുഖാനും ബഹളം കേട്ട് പുറത്തേക്കിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട രാഹുല്‍ സോളങ്കിയുടെ കുടുംബത്തിനും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കാണ് ധനസഹായം നല്‍കിയത്. വരും ദിവസങ്ങളില്‍ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തും. യൂത്ത് ലീഗും കെ.എം.സി.സിയുമടക്കം ലീഗിന്‍റെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.

മതപരമായ വിവേചനമില്ലാതെ കൊല്ലപ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കുന്നതോടൊപ്പം പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എംപിമാര്‍ക്ക് പുറമെ ലീഗിന്‍റെയും പോഷക സംഘടനകളുടെയും നേതാക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Get real time updates directly on you device, subscribe now.