ഇ ക്ലാസ് ചാലഞ്ച്; ദയ ചാരിറ്റബിള്‍ ട്രസ്റ്റ്  15 സ്മാര്‍ട്ട് ടിവികള്‍ കൈമാറി

0 166

ഇ ക്ലാസ് ചാലഞ്ച്; ദയ ചാരിറ്റബിള്‍ ട്രസ്റ്റ് 15 സ്മാര്‍ട്ട് ടിവികള്‍ കൈമാറി

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇ ക്ലാസ് ചാലഞ്ചിന്റെ ഭാഗമായി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് 15 സ്മാര്‍ട്ട് ടിവികള്‍ കൈമാറി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇ-ക്ലാസ് ചലഞ്ച് ആരംഭിച്ചത്. ടി വി യോ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളോ ലഭ്യമാകാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രെമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് തുടരുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. നിലവില്‍ 65ഓളം കോളനികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പോലുള്ള സ്ഥാപങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌സി-എസ്ടി കോളനികളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടിവിയോ മറ്റ് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ അത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് സബ് കലക്ടര്‍ ആസിഫ് കെ യൂസുഫ് പറഞ്ഞു. ഇത് മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്. പുതുതലമുറയെ മുന്നോട്ട് നയിക്കുന്നത് വിദ്യാഭ്യാസം ആണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ അക്കാദമിക രംഗത്ത് വലിയൊരു മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും സബ് കലക്ടര്‍ പറഞ്ഞു.

സ്മാര്‍ട്ട് ഫോണോ ടി വി യോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ദായ ചാരിറ്റബിള്‍ ട്രസ്റ്റ് ഇ-ക്ലാസ്സ് ചലഞ്ചു ഏറ്റടുത്തതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജ് പറഞ്ഞു. ഈ നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു  കൂടെ നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിഡിഇ മനോജ് കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കെ രാജേന്ദ്രന്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തില്ലങ്കേരി പഞ്ചായത്തിലെ ഇല്ലം കോളനി, അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റി കോളനി, പേരാവൂരിലെ ആനക്കുഴി കോളനി, കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ചുരം കോളനി,  മുഴക്കുന്ന് പഞ്ചായത്തിലെ പള്ളിപ്പടി കോളനി എന്നിവിടങ്ങളിലാണ് ഈ ടിവി സെറ്റുകള്‍ കൈമാറുന്നത്. നേരത്തെ ലോക്ക് ഡൗണ്‍ വേളയില്‍ ജില്ലയില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ വിനോദ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 10 ടിവി സെറ്റുകള്‍ ദായാചാരിറ്റബിള്‍ ട്രസ്റ്റ് കൈമാറിയിരുന്നു.