ഇ ക്ലാസ് ചാലഞ്ച് : പഠനകേന്ദ്രങ്ങൾക്ക്  ടി വി കൈമാറി 

0 398

ഇ ക്ലാസ് ചാലഞ്ച് : പഠനകേന്ദ്രങ്ങൾക്ക്  ടി വി കൈമാറി 

ഇ ക്ലാസ് ചാലഞ്ചിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ലഭ്യമായ ടെലിവിഷനുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് ഹാളിൽ തുറമുഖ- പുരാവസ്തു വകുപ്പ്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്കും വിവിധ കേന്ദ്രങ്ങളിലേക്കുമാണ് ടെലിവിഷൻ നൽകിയത്.

കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ലാം സഭ സ്കൂൾ പത്താം തരം വിദ്യാർത്ഥിനി, പ്ലസ് ടുവിൽ പഠിക്കുന്ന സഹോദരി, സഹോദരൻ  മുഴത്തടം ഗവ :യു പി സ്കൂൾ ആറാം തരം വിദ്യാർത്ഥി എന്നിവർക്കും കൂത്തുപറമ്പ് ഈസ്റ്റ്‌ കതിരൂർ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി,  പഴയങ്ങാടി വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാർത്ഥി എന്നിവർക്കും ചെറുപഴശ്ശി പാലത്തുംങ്കര കേന്ദ്രം, തളിപ്പറമ്പ് ബി ആർ സി യിലെ നാല് കേന്ദ്രം, കണ്ണൂർ നോർത്ത് ബി ആർ സി പള്ളിപ്രം ഒരു കേന്ദ്രം,ആലക്കോട് പഞ്ചായത്തിലെ രയരോം, രയരോം മൂന്നാം കുന്ന്, നടുവിൽ പഞ്ചായത്തിലെ തുരുംബി കോട്ടയംതട്ട്, ചപ്പാരപ്പടവ് മങ്കര,  ഇരിക്കൂർ ഉപജില്ലയിലെ കോക്കാട് അരീക്കവല, വാതിൽമട, കുമ്പൻതോട്, വയത്തൂർ സ്കൂൾ, ഉളിക്കൽ ടൗൺ കോളനി, ഏഴൂർ 14-ാം വാർഡ് കോളനി എന്നീ കേന്ദ്രങ്ങളിലേക്കുമാണ് ടി വി കൾ വിതരണം ചെയ്തത്.

കേരള ചേംബർ ഒഫ് കോമേഴ്സും കണ്ണൂർ ദിശയും  ചേർന്ന് വിദ്യാർത്ഥികൾക്കായി അഞ്ച് മിനി ടെലിവിഷനുകൾ  പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷിന് കൈമാറി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്‌ കുമാർ, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി പി വേണുഗോപാലന്‍, ജില്ലാ പൊതുവിദ്യാഭ്യാസ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍ എന്നിവർ സംബന്ധിച്ചു.