ഇ ക്ലാസ് ചലഞ്ച്: സൗകര്യം ഒരുക്കേണ്ടത്  3400 വിദ്യാര്‍ഥികള്‍ക്ക്

0 175

ഇ ക്ലാസ് ചലഞ്ച്: സൗകര്യം ഒരുക്കേണ്ടത്
3400 വിദ്യാര്‍ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിന് സ്‌കൂള്‍ പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും മുന്‍കൈയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി ആവശ്യപ്പെട്ടു.  ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ നല്‍കുന്നതിനുള്ള ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഓരോ സ്‌കൂളിലും ഒരു വിദ്യാര്‍ഥിപോലും ഒഴിഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ചുമതല പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും നര്‍വഹിക്കണം. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പ്രാദേശിക തലത്തില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. സ്‌കൂള്‍ അധികൃതരും വാര്‍ഡ് അംഗങ്ങളുള്‍പ്പെടെയുള്ള തദ്ദേശസ്ഥാപന പ്രതിനിധികളും ചേര്‍ന്ന് പരിശോധന നടത്തിയായിരിക്കണം ഇത്തരത്തിലുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കേണ്ടത്.
ജില്ലാ തലത്തില്‍ ആദിവാസി മേഖലകള്‍, തീരദേശ പ്രദേശങ്ങള്‍ എന്നിങ്ങനെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള സ്ഥലങ്ങളില്‍ ടിവിയോ ഫോണോ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 7800 കുട്ടികെളയാണ് വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതായി കണ്ടെത്തിയിരുന്നത്. ഇ ക്ലാസ് ചലഞ്ച് ആരംഭിച്ചതിന്റെ ഭാഗമായി നിരവധി സംഘടനകള്‍ ഇതിനകം സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടു വന്നു. ആറളം മേഖലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച് 19 പഠന കേന്ദ്രങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി. ഇവിടെ ടിവിയും ഡിടിഎച്ച് കണക്ഷനും ഒരുക്കുകയും ചെയ്തു. 600 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കോളനികളിലെ പഠന മുറികള്‍, അയല്‍പക്ക പഠനം, തൊട്ടടുത്ത വായനശാലകളിലെ സൗകര്യം ഉപയാഗപ്പെടുത്തല്‍ എന്നിങ്ങനെയുള്ള നടപടികളും ആരംഭിച്ചു. 3934 വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാന്‍ ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായുള്ള ഇടപെടലിലൂടെ സാധിച്ചു. ജൂണ്‍ 4 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഇനി ഓണ്‍ലൈന്‍ പഠനത്തിന് ഒരു തരത്തിലുള്ള സൗകര്യവുമില്ലാത്ത 3400 വിദ്യാര്‍ഥികളാണുള്ളത്. ഇവര്‍ക്കും അടുത്ത ദിവസങ്ങളില്‍ പഠന സൗകര്യം ഒരുക്കാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങളുടെ തലത്തിലും ഇതിനായി വിപുലമായ പരിശ്രമങ്ങള്‍ നടന്നുവരികയാണ്. ഒരു കുട്ടിയും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി യോഗം അറിയിച്ചു.