ഇടുക്കി ആറുതവണ കുലുങ്ങി , രാവിലെ 7.10 മുതല്‍ ഉച്ചയ്‌ക്ക് 1.58 വരെ ഭൂമികുലുക്കം, കൂടിയ തീവ്രത 2.8

0 217

ഇടുക്കി ആറുതവണ കുലുങ്ങി , രാവിലെ 7.10 മുതല്‍ ഉച്ചയ്‌ക്ക് 1.58 വരെ ഭൂമികുലുക്കം, കൂടിയ തീവ്രത 2.8

കട്ടപ്പന/നെടുങ്കണ്ടം : തുടര്‍ച്ചയായി ആറു തവണ ഇടുക്കി ജില്ലയില്‍ ഭൂചലനം. ഇന്നലെ രാവിലെ 7.10 മുതല്‍ ഉച്ചയ്‌ക്ക്‌ 1.58 വരെയുള്ള സമയങ്ങളിലാണ്‌ ചലനങ്ങളുണ്ടായത്‌. ഉഗ്ര ശബ്‌ദത്തോടെയെത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. 2.8 ആണ്‌ കൂടിയ തീവ്രത. പലയിടത്തും ആളുകള്‍ വീടുവിട്ടു പുറത്തിറങ്ങി. നെടുങ്കണ്ടം, പാമ്ബാടുംപാറ, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ മേഖലകളില്‍ ആറ്‌ തവണ ഭൂമി കുലുങ്ങി. ആലടി, ഇടുക്കി, കുളമാവ്‌, കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്ബലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്‌, എഴുകുംവയല്‍, പുളിയന്‍മല, കാഞ്ചിയാര്‍, അഞ്ചുരുളി, കൊച്ചറ, കുഴിത്തൊളു, വള്ളക്കടവ്‌ ആനവിലാസം, ഉപ്പുതറ, ഇരട്ടയാര്‍, വലിയ തോവാള, ചെമ്ബകപ്പാറ, കമ്ബംമെട്ട്‌, നെല്ലിപ്പാറ, കാല്‍വരിമൗണ്ട്‌ തുടങ്ങിയ പ്രദേശങ്ങളിലും മുഴക്കത്തോടു കൂടി ഭൂചലനമുണ്ടായി. നെടുങ്കണ്ടമാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു കെ.എസ്‌.ഇ.ബി അറിയിച്ചു.
ഇന്നലെ രാവിലെ 7.10നായിരുന്നു ആദ്യ ചലനം. തുടര്‍ന്ന്‌ 8.58, 9.46, 10.10, ഉച്ചകഴിഞ്ഞ്‌ 12.31, 1.58 എന്നി സമയങ്ങളിലായിരുന്നു ഭൂചലനം. രാവിലെ 7.10നുണ്ടായ ചലനം നേരിയ പ്രകമ്ബനം മാത്രമാണ്‌ സൃഷ്‌ടിച്ചത്‌. 14 സെക്കന്റ്‌ നീണ്ടു നിന്ന ചലനം 1.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന്‌ 8.58നുണ്ടായ ചലനം 63 സെക്കന്റ്‌ നീണ്ടു നിന്നു. ഇത്‌ 2.7 തീവ്രത രേഖപ്പെടുത്തി. ഇതിനു പിന്നാലെ 9.46 നുണ്ടായ 2.8 രേഖപ്പെടുത്തിയ ഭൂചലനം ഹൈറേഞ്ചിനെ വിറപ്പിച്ചു. തുടര്‍ന്നുണ്ടായ ചലനങ്ങള്‍ 1.5ന്‌ താഴെയാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്‌.
തൂക്കുപാലത്തും, പാമ്ബാടുംപാറയിലും 8.58 നുണ്ടായ ഭൂചലനം വന്‍ പ്രകമ്ബനം സൃഷ്‌ടിച്ചു. രാവിലെ വെടിവെയ്‌ക്കുന്നതു പോലെ ശബ്‌ദം കേട്ടെങ്കിലും ഭൂചലനമാണെന്ന്‌ ആദ്യം ആര്‍ക്കും മനസിലായില്ല. നെടുങ്കണ്ടത്ത്‌ അഞ്ച്‌ വീടുകള്‍ക്കും കട്ടപ്പന കൊച്ചുതോവാളയില്‍ ഒരു വീടിനും കേടുപാട്‌ സംഭവിച്ചു.