തിരിച്ച് വരവിന്റെ നല്ല സൂചന നൽകി സാമ്പത്തിക മേഖല; ജിഎസ്ടി വരുമാനത്തിൽ വർധന

0 449

തിരിച്ച് വരവിന്റെ നല്ല സൂചന നൽകി സാമ്പത്തിക മേഖല; ജിഎസ്ടി വരുമാനത്തിൽ വർധന

തിരിച്ച് വരവിന്റെ നല്ല സൂചന നൽകി രാജ്യത്തെ സാമ്പത്തിക മേഖല. ആറ് മാസത്തിന് ശേഷം ജിഎസ്ടി വരുമാനത്തിൽ വർധന. നാല് ശതമാനത്തിന്റെ വർധന ഉണ്ടായതായി കേന്ദ്രസർക്കാർ അറിയിച്ചു. സെപ്റ്റംബറിൽ 95,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം.

കൊവിഡ് കാലത്തിന് ശേഷം ആശ്വാസത്തിന്റെ സൂചന നൽകുകയാണ് രാജ്യത്തെ വിപണി. ഇതാദ്യമായി ഫെബ്രുവരിക്ക് ശേഷം കയറ്റുമതി മേഖലയിലും ശുഭ സൂചനകളാണ് സെപ്റ്റംബറിൽ സ്ഥിതിവിവരം വ്യക്തമാക്കുന്നത്. രാജ്യത്ത് നിന്നുള്ള കയറ്റുമതി 5.3 ശതമാനം ഉയർന്നു. ആഭ്യന്തര വിൽപ്പനയിൽ നിന്നും ഇറക്കുമതിയിൽ നിന്നുമുള്ള ജിഎസ്ടി വരുമാനവും സെപ്റ്റംബറിൽ വർധിച്ചു. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 102 ശതമാനമായി. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആവശ്യം വർധിക്കുന്നു എന്ന നല്ല സൂചനയും നൽകുന്നുണ്ട്.

2019 നേക്കാൾ 2.9 ശതമാനം ഈ വർഷം ഇന്ത്യൻ ഉത്പനങ്ങൾ കപ്പൽകയറി. 27.4 മില്യൻ ഡോളറിന്റെ കയറ്റുമതിയാണ് സെപ്റ്റംബറിൽ രാജ്യത്ത് ആകെ നടന്നത്. ഈവേ ബില്ലുകളുടെ വിതരണത്തിലും ഈ സെപ്റ്റംബർ റെക്കോർഡ് ഇട്ടു. കഴിഞ്ഞമാസം 5.7 കോടി ഈവേ ബില്ലുകൾ സ്യഷ്ടിക്കപ്പെട്ടതായി ധനകാര്യ സെക്രട്ടറി അജയ് ഭൂഷ്ൺ പാണ്ടേ 24 നോട് പറഞ്ഞു.

കേരളത്തിലെ ജിഎസ്ടി വരുമാനവും സെപ്റ്റംബറിൽ വർധിച്ചതായി കേന്ദ്രസർക്കാർ സ്ഥിതിവിവരം വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം 11 ശതമാനം ജിഎസ്ടി വരുമാന വർധന നേടി. 1552 കോടിയാണ് ഈ സെപ്റ്റംബറിലെ വരുമാനം. 2019 ൽ ഇത് 1393 കോടി ആയിരുന്നു.