എടൂർ സെൻറ് മേരീസ് ഫൊറോനാ ദേവാലയം – EDOOR ST.MARY’S FORANE CHURCH

ST.MARYS FORANE CHURCH EDOOR

0 405

ഉത്തര മലബാറിലെ വളരെ പഴക്കമുള്ള പള്ളികളിൽ ഒന്നും പ്രധാനപ്പെട്ട ഒരു മരിയൻ തീർത്ഥാടന കേന്ദ്രവുമാണ്. ഇത് കണ്ണുർ ജില്ലയുടെ കിഴക്കൻ പട്ടണമായ ഇരിട്ടിക്കു സമീപം സ്ഥിതി ചെയ്യുന്നു. ഇതാണ് തലശ്ശേരി അതിരൂപതയുടെ കീഴിൽ പരിശുദ്ധ മറിയത്തിൻറെ നാമത്തിൽ സ്ഥാപിതമായ ആദ്യ ദേവാലയം. ഇന്ന് തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള ഏറ്റവും വലിയ ഇടവകാണ് എടുർ. ഇത് ‘ദൈവത്തിൻറെ സ്വന്തം നാട്ടിലെ കുടക്’ എന്നറിയപ്പെടുന്ന ഇരിട്ടിയിലെ പ്രധാന ടൌണിൽ നിന്നും 6.5 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

കേരള ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ സംഭവമാണ് മലബാർ കുടിയേറ്റം. നാൽപതുകളുടെ ആരംഭത്തിൽ തന്നെ ഇരിട്ടിയോടടുത്ത് കിടക്കുന്ന എടൂർ പ്രദേശങ്ങളിൽ കുടിയേറ്റം ആരംഭിച്ചു. ഉതുപ്പ് ഞാവള്ളിയിൽ, സ്കറിയാ ഞാവള്ളിയിൽ, തോമസ് കടമാപ്പുഴ, ചാക്കോ കരിപ്പാപ്പറമ്പിൽ, എന്നിവർ തോട്ടം പിടിപ്പിക്കാനായി എടൂരിൽ സ്ഥലമെടുത്തു. അതേത്തുടർന്ന് ദേവസ്യ വലിയപറമ്പിൽ, വർഗീസ് കിഴക്കേപീടികയിൽ, ജോസഫ് മഠത്തിനകം, ദേവസ്യ താന്നിക്കപ്പാറ, തുടങ്ങിയവർ കന്നിമണ്ണു തേടി എടൂരിൽ എത്തിച്ചേർന്നു. ക്രമേണ മധ്യതിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും അങ്ങോട്ടേക്ക് കുടിയേറ്റക്കാർ പ്രവഹിച്ചു. ആദ്യകാല കുടിയേറ്റ കർഷകരുടെ ആധ്യാത്മിക കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് കോഴിക്കോട് രൂപതയായിരുന്നു. അഭിവന്ദ്യ പത്രോണി പിതാവും അദ്ദേഹത്തിൻറെ സഹപ്രവർത്തകരായ വൈദികരുമായിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത്. 1943ൽ ശ്രീ വർഗീസ് റൈട്ടറുടെ ശ്രമഫലമായി അന്നത്തെ പേരാവൂർ പള്ളി വികാരിയായിരുന്ന ബഹു. ജോസഫ് കുത്തൂർ അച്ചനെ എടൂരിൽ കൊണ്ടുവന്നിരുന്നു. അദ്ദേഹം ശ്രീ വലിയപറമ്പിൽ തോമസിൻറെ നെൽക്കളത്തിൽ നിർമിച്ച പൂപ്പന്തലിൽ ദിവ്യബലിയർപ്പിച്ചു. അങ്ങനെ വനപ്രദേശമായിരുന്ന എടൂരിൻറെ മണ്ണിൽ ആദ്യത്തെ ദിവ്യബലിയർപ്പണം നടന്നു. രണ്ടാമത്തെ ബലിയർപ്പണം നടന്നത് ഞാവള്ളിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ്. പിന്നീട് കൃഷ്ണൻ നമ്പീശൻ ദാനമായി നൽകിയ സ്ഥലത്ത് ഒരു ഷെഡ്ഡു നിർമ്മിക്കുകയും അത് പള്ളിയായി ഉപയോഗിക്കുകയും ചെയ്തു. ആളുകളുടെ എണ്ണം വർധിച്ചതോടെ പള്ളി വീണ്ടും ഞാവള്ളിക്കാർ സംഭാവനയായി നൽകിയ സ്ഥലത്തേക്കു മാറ്റി. ബഹു. ജോസഫ് കുത്തൂരച്ചനു ശേഷം ബഹു. കുര്യാക്കോസ് കുടക്കച്ചിറ അച്ചൻ എടൂർ പള്ളി വികാരിയായി നിയമിതനായി. അതിനുശേഷം വികാരിയായത് ബഹു. സി. ജെ. വർക്കിയച്ചനാണ്. അദ്ദേഹത്തിൻറെ കാലത്ത്, ഞാവള്ളിൽ എസ്റ്റേറ്റു വക സ്ഥലത്തു നിന്ന് പള്ളി ഇപ്പോഴത്തെ സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇതിനോടകം പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ ആരംഭിക്കാനും അദ്ദേഹത്തിനു സാധിച്ചു. പിന്നീട് വികാരിയായിരുന്ന ബഹു. ജോസഫ് കട്ടക്കയം അച്ചൻറെ ഭരണകാലത്ത് എൽ. പി. സ്കൂൾ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. 1952ൽ തലശേരി രൂപത സ്ഥാപിതമാവുകയും, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെത്രാനായി സ്ഥാനമേൽക്കുകയും ചെയ്തു. തലശേരി രൂപതയുടെ സ്ഥാപനത്തോടെ എടൂർ പള്ളിവികാരിയായി ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തി നിയമിതനായി. അദ്ദേഹത്തിൻറെ ശ്രമഫലമായി എടൂരിൽ ഒരു ഹൈസ്കൂൾ അനുവദിച്ചുകിട്ടി. 1956ൽ കർമലീത്താമഠത്തിൻറെ (സി. എം. സി.) ഒരു ശാഖ എടൂരിൽ സ്ഥാപിതമായി. ബഹു. ഇളംതുരുത്തിയച്ചനു ശേഷം ബഹു. ഫെഡറിക് സി. എം. ഐ. കുറച്ചുകാലം വികാരിയായി സേവനമനുഷ്ഠിച്ചു. അതിനുശേഷം ഫാ. അബ്രാഹം മൂങ്ങാമാക്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, എന്നിവർ യഥാക്രമം വികാരിമാരായി നിയമിതരായി. ബഹു. കൊല്ലംപറമ്പിലച്ചൻറെ കാലത്താണ് ഇന്നു കാണുന്ന മനോഹരമായ ദൈവാലയം നിർമ്മിക്കപ്പെട്ടത്. എടൂരുകാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘വല്ല്യച്ചൻ’ വിശ്രമാർഥം കുറച്ചുകാലം അവധിയെടുത്തപ്പോൾ ബഹു. ജോസഫ് ആലക്കൽ അച്ചനായിരുന്നു ഇടവകയുടെ ആധ്യാത്മിക കാര്യങ്ങൾ നിർവഹിച്ചത്. പിന്നീട് ബഹു. പീറ്റർ കൂട്ടിയാനിയച്ചൻ, ബഹു. ജോൺ കടുമ്മാക്കലച്ചൻ, ബഹു. സഖറിയാസ് കട്ടയ്ക്കലച്ചൻ, ബഹു. വർക്കി കുന്നപ്പള്ളിയച്ചൻ, എന്നിവർ വികാരിമാരായി സേവനമനുഷ്ഠിച്ചു. 1989 മെയ് 1ന് മാർ ജോർജ് വലിയമറ്റം തലശേരി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അതിനുശേഷം ബഹു. തോമസ് നിലയ്ക്കപ്പള്ളിയച്ചൻ, ബഹു. ജോർജ് കൊല്ലക്കൊമ്പിലച്ചൻ, ബഹു. കുര്യാക്കോസ് കവളക്കാട്ടച്ചൻ, ബഹു. ആൻറണി പുരയിടം അച്ചൻ, ബഹു. എമ്മാനുവൽ പൂവത്തിങ്കലച്ചൻ എന്നിവരും എടൂർ ഇടവകയ്ക്ക് ആത്മീയനേതൃത്വം നൽകിപ്പോന്നു.

വാസ്തുശിൽപ സവിശേഷതകൾ

വൃത്താകൃതിയിലുള്ള ഈ പള്ളിയുടെ നടുവിലായി ഒരു ദൂം ഉണ്ട്. വൃത്താകൃതിയിലായതിനാൽ വളരെയധികം വിസ്തൃതിയും ഒപ്പം അൾത്താര സുഗമമായി ദർശിക്കാനുമുള്ള സൌകര്യവുമുണ്ട്. മലബാറിലെ വലിയ പള്ളികളിൽ ഒന്നായ ഇതിൻറെ അൾത്താര 2012ൽ നവീകരിച്ചിരുന്നു. അൾത്താരയിൽ അനേകം വിശുദ്ധരുടെ രൂപങ്ങളും മറ്റു കൊത്തുപണികളും ഉൾപ്പെടുന്നു.

  • പരിശുദ്ധ മറിയത്തിൻറെ ഒരു രൂപം (ശില്പം) ഉണ്ട്. ഇതിനെ ആളുകൾ എടൂരമ്മ എന്ന് വിളിക്കുന്നു.
  • ഇവിടത്തെ മറ്റൊരു സവിശേഷതയാണ് തടിയിൽ തീർത്ത യേശു ക്രിസ്തുവിൻറെ ക്രൂശിതരൂപം. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി നാലാണികളിൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിനെ ഇവിടെ കാണാം.
  • സീറോ മലബാർ ദേവാലയഘടനാപാരമ്പര്യത്തിനു വ്യത്യസ്തമായി ഇവിടെ മദ്ബഹാ (അൾത്താര) യ്ക്കും ഹൈക്കലാ (ആളുകൾ നിലക്കുന്ന സ്ഥലം) യ്ക്കും ഇടയിൽ തിരശ്ശീല ഇല്ല.
  • പരിശുദ്ധ മാതാവിൻറെ തിരുനാൾ സാധാരണയായി ജനുവരി മാസത്തിൻറെ ആദ്യ ആഴ്ച്ചയിലാണ് എല്ലാ വർഷവും ആചരിച്ചുവരുന്നത്. അങ്ങനെ അത് പുതു വരഷത്തിൻറെ കൃതജ്ഞതാപ്രകാശനത്തിരുനാളായും പരിഗണിക്കപ്പെടുന്നു.
  • ടൂരമ്മയുടെ ഇടതുകൈയ്യിൽ ഒരു വെള്ള പ്രാവിനെയും, വലതുകൈയ്യിൽ ഒരു കൊന്തയും കാണാൻ സാധിക്കും. ഇത് അർഥമാക്കുന്നത് അമ്മ ഭൂമിയിൽ ശാന്തി പരത്തുന്നു എന്നും ജപമാലയാകുന്ന മാർഗ്ഗത്തിലൂടെയാണ് ശാന്തി പരത്തുന്നത് എന്നുമാണ്.
  • . സ്വർഗത്തിൻറെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ അമലോത്ഭവ മാതാവിൻറെ അധികാരം വ്യക്തമാക്കും വിധത്തിൽ എടൂരമ്മ ‘ചുറ്റും പന്ത്രണ്ട് നക്ഷത്രങ്ങളുള്ള’ ഒരു സ്വർണ കിരീടം ധരിച്ചിരിക്കുന്നു.

എടൂരമ്മയുടെ തിരുസ്വരൂപം ഇവിടെ കൊണ്ടുവന്നത് ആ കാലഘട്ടങ്ങളിൽ ഇവിടെ സേവനം ചെയ്തിരുന്ന ക്രിസ്ത്യൻ മിഷണറിമാരാണ്. യഥാർത്ഥത്തിൽ ഈ തിരുസ്വരൂപം സമീപത്തുള്ള മറ്റൊരു പള്ളിയിൽ പ്രതിഷ്ഠിക്കാൻ വേണ്ടി കൊണ്ടുവന്നതായിരുന്നു. അവിടേക്കു എടൂരുവഴി ഒരു വാഹനത്തിൽ ഇതു കൊണ്ടുപോകുന്നതിനിടയിൽ, ആ വാഹനം എടൂരെത്തിയപ്പോൾ നിന്നുപോയതായും, വാഹനത്തിൻറെ തകരാർ ഉടനെ പരിഹരിക്കാൻ സാധിക്കാത്തതിനാൽ ആ തിരുസ്വരൂപം എടൂർ പള്ളിയിൽ സ്ഥാപിച്ചു എന്നുമാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ, വിശ്വാസികളുടെ ഇടയിൽ “വിളിച്ചാൽ വിളി കേൾക്കുന്ന എടൂരമ്മ” എന്ന് പ്രസിദ്ധമാണ് ഇവിടുത്തെ മരിയൻ സാന്നിധ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ മേഖലയിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ‘സെൻറ് മേരീസ് എൽ. പി. സ്കൂൾ’ 1946ൽ പള്ളിയുടെ നേതൃത്വത്തിൽസ്ഥാപിതമായി. അതിനുശേഷം 1949ൽ യു. പി. സ്കൂളും കൂടി പ്രവർത്തനം ആരംഭിച്ചു. 1957ൽ ഇവിടെ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. പിൽക്കാലത്ത്, 1998ൽ ഇത് ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് വിദ്യാർത്ഥികളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂളും, തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിക്കു കീഴിലുള്ള ഏറ്റവും വലിയ ഹയർ സെക്കൻററി സ്കൂളുമാണ് ‘സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ എടൂർ’ ഇതിനു പുറമേ, ഈ ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന ‘സി. എം. സി.’ സിസ്റ്ററുമാരുടെ നേതൃത്വത്തിൽ 1972ൽ ഒരു നഴ്സറി സ്കൂളും (സെൻറ് ട്രീസാസ് നഴ്സറി സ്കൂൾ), 1984ൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ‘വികാസ് ഭവൻ സ്പെഷ്യൽ’ സ്കൂളും പ്രവർത്തനമാരംഭിച്ചു.

 

Address: Edoor, Payam, Kannur Dt, Kerala 670704

Phone: 0490 245 0523