ജനങ്ങളെ ഷോക്കടിപ്പിച്ച്‌ കെഎസ്‌ഇബി; ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ബില്‍

0 334

ജനങ്ങളെ ഷോക്കടിപ്പിച്ച്‌ കെഎസ്‌ഇബി; ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ബില്‍

തിരുവനന്തപുരം: കൊറോണ, ലോക്ഡൗണ്‍ പ്രശ്‌നങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഷോക്കടിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മുന്‍മാസങ്ങളേക്കാള്‍ രണ്ട് ഇരട്ടിയിലേറെ തുക വരുന്ന വൈദ്യുതി ബില്ലാണ് സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലുമെത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ തുകയിട്ട ബില്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും.

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സര്‍ക്കാരിന്റെ വൈദ്യുതി ബില്‍. ലോക്ക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തന നഷ്ടം മറികടക്കാന്‍ ഉപയോക്താക്കളെ കെഎസ്‌ഇബി കൊള്ളയടിക്കുകയാണെന്നാണ് പരാതി ഉയരുന്നത്.

ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിന്റെ ഷോക്ക് സാധാരണക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മുന്‍പു നല്‍കിയിരുന്നതിന്റെ നാലിരട്ടി വരെയാണ് പലരും അടയ്‌ക്കേണ്ടി വരുന്നത്. പകല്‍നേരത്തു കാര്യമായി വൈദ്യുതി ഉപയോഗിക്കാത്തവര്‍ക്കു പോലും വന്‍ തുകയുടെ ബില്ലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയത്. കൊറോണകാലത്തു വീട്ടിലിരുന്നു ജോലി ചെയ്തവരും ജോലിയില്ലാതെ വീട്ടിലിരുന്നവരും ബില്ലടയ്ക്കാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ്.

ലോക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയായതെന്ന് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റര്‍ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരില്‍ മിക്കയിടത്തും മാര്‍ച്ചില്‍ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രില്‍ മാസവും പരിഗണിച്ചു.

ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരില്‍ മറ്റു മൂന്നു മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബില്‍ അടയ്‌ക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് വന്നിരിക്കുന്നത്. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കു ടെലിസ്‌കോപിക് ബില്ലിങ്ങാണ് ഇപ്പോള്‍ നടത്തുന്നത്. ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി അഞ്ചു സ്ലാബുകളാണുള്ളത്. ആദ്യ 50 യൂണിറ്റിനു 3.15 രൂപ. 51 – 100 വരെ യൂണിറ്റിനു 3.70 രൂപയും 101 – 150 വരെയുള്ള യൂണിറ്റിന് 4.80 രൂപയും 151 -200 യുണിറ്റ് 6.40 രൂപയും 201 – 250 ലെത്തുമ്ബോള്‍ യൂണിറ്റിന് 7.60 രൂപയാകും. 250 കടന്നാല്‍ ഉപയോഗിച്ച മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്കാണ്.

സാധാരണ മാസങ്ങളില്‍ 250 യൂണിറ്റിനു താഴെ ഉപയോഗിച്ചിരുന്നവരെല്ലാം ഏപ്രിലില്‍ അതിലേറെ വൈദ്യുതി ഉപയോഗിച്ചു. ഏപ്രില്‍ ശരാശരിയായി കണക്കാക്കിയപ്പോള്‍, കുറഞ്ഞ ഉപയോഗമുണ്ടായിരുന്ന മുന്‍ മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ടെലിസ്‌കോപിക് ബില്ലിങ് ആനുകൂല്യം നഷ്ടമായി. പല വീടുകളിലും 250 യൂണിറ്റിന് മുകളില്‍ ഉപയോഗം കടന്നുവെന്നുമാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരും പറയുന്നത്.

നിരക്ക് വര്‍ധിപ്പിച്ചുവെന്ന് ഔദ്യോഗികമായി പറയാതെ തന്നെ നിരക്ക് കൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണ മായും സൗജന്യമാക്കാനും എപിഎല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും

സര്‍ക്കാരും കെഎസ്‌ഇബിയും തയാറാകണമെന്നാണ് ആവശ്യം. വൈദ്യുതി ബില്ലില്‍ പരാതി ഉള്ളവര്‍ക്ക് വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസുകളില്‍ പരാതി നല്‍കാമെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയും പറഞ്ഞു.