വെെദ്യുതി ബില്‍ വര്‍ധനവ്: അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്‌ഇബി കോടതിയില്‍

0 290

കൊച്ചി: ഉപഭോക്‌താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയിട്ടില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഉപഭോഗം കൂടിയതിനാലാണ് തുക വര്‍ധിച്ചതെന്നും നിയമാനുസൃതമായാണ് ബില്ലിങ് നടപ്പാക്കിയതെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ലോക്ക്‌ഡൗണ്‍ കാലത്തെ ബില്‍ തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശ പ്രകാരം ബോര്‍ഡ്‌ വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.

വേനല്‍കാലത്ത് സാധാരണ നിലയില്‍ വൈദ്യുതി ഉപഭോഗം കൂടാറുണ്ട്. ലോക്ക്‌ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരുന്നതിനാല്‍ ഉപഭോഗം പാരമ്യത്തിലായിരുന്നുവെന്നും മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ നിരക്ക് വര്‍ധിക്കാന്‍ ഇതാണ് കാരണമെന്നും ബോര്‍ഡ് കോടതിയില്‍ വിശദീകരിച്ചു. ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമേ തുക ഈടാക്കിയിട്ടുള്ളൂ. 76 ദിവസം കഴിഞ്ഞാണ് ബില്‍ നല്‍കിയതെങ്കിലും 60 ദിവസത്തെ നിരക്കേ ഈടാക്കിയിട്ടുള്ളൂവെന്നും ബോര്‍ഡ് അറിയിച്ചു.

 

ദ്വൈമാസ ബില്ലില്‍, ഒരു മാസത്തെ ഉപഭോഗം കണക്കാക്കാന്‍ റീഡിങ് തീയതി വരെയുള്ള ആകെ ഉപഭോഗത്തിന്റെ ശരാശരിയാണ് എടുക്കുന്നത്. ഈ തുക ഒറ്റ മാസ ബില്ലിങ് രീതിയേക്കാള്‍ കൂടുതലാണെന്ന ഹര്‍ജയിലെ വാദം ശരിയല്ല. ബില്ലിങ് വൈകിയാലും രണ്ട് മാസത്തെ തുകയേ ഈടാക്കുന്നുള്ളൂവെന്നും ബോര്‍ഡ് വിശദീകരിച്ചു. ദ്വൈമാസ ബില്ലിങ് മാറ്റാനാവില്ല. ഈ രീതി 30 വര്‍ഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി വരുമെന്നും ഇത് ബോര്‍ഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോര്‍ഡ് വിശദീകരിച്ചു.

 

ലോക്ക്ഡൗണ്‍‌ കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മേയ് 15 വരെ ഇളവുകള്‍ നല്‍കിയതായും ബോര്‍ഡ്‌ അറിയിച്ചു. തുക അടയ്‌ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ചാര്‍ജ് ഇളവ് നല്‍കി. തുക ആദ്യം പകുതിയും പിന്നീട് രണ്ട് ഗഡുക്കളായും അടയ്ക്കാന്‍ അനുവദിച്ചിട്ടുണ്ട്. നിര്‍ദിഷ്‌ട തീയതിക്കകം മുഴുവന്‍ തുക ഓണ്‍ലൈനായി അടച്ചവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് അനുവദിച്ചു. വ്യവസായ – വാണിജ്യ ഉപയോക്താക്കള്‍ക്കും ആശുപത്രികള്‍ക്കും 25% കിഴിവ് നല്‍കിയതായും ബോര്‍ഡ്‌ വ്യക്തമാക്കി. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും