കാട്ടിലേക്ക് തുരത്തിയ ആനകൾ വീണ്ടും ഫാമിലെത്തി – തൊഴിലാളികൾ ഭീതിയിൽ

0 1,081

കാട്ടിലേക്ക് തുരത്തിയ ആനകൾ വീണ്ടും ഫാമിലെത്തി – തൊഴിലാളികൾ ഭീതിയിൽ

ഇരിട്ടി: കാട്ടിലേക്ക് തുരത്തിയ കാട്ടാനകൾ വീണ്ടും ആറളം ഫാമിലേക്ക് കൂട്ടമായി തിരിച്ചെത്തി. ഇതോടെ ഫാമിലെ തൊഴിലാളികൾ ഭീതിയിലായി. വനാതിർത്തിയിൽ സ്ഥാപിച്ച ട്രഞ്ചും ആനമതിലും തകർത്താണ് ആനക്കൂട്ടം ഫാമിലേക്ക് തിരികെ പ്രവേശിച്ചതെന്ന് വനം വകുപ്പ അധികൃതർ പറഞ്ഞു. ഒരാഴ്ച്ച മുൻമ്പാണ് ഒരാഴ്ച നീണ്ട ശ്രമത്തിനൊടുവിൽ 19 ആനകളെ ഫാമിൽ നിന്നും വനത്തിലേക്ക് വളരെ സാഹസപ്പെട്ട് തുരത്തിയത്. വനത്തിൽ കടന്ന ആനകൾ തിരികെ പ്രവേശിക്കാതിരിക്കാൻ വനാതിർത്തിയിൽ വാച്ചർമാരെ 24 മണിക്കൂറും നിരീക്ഷണത്തിന് നിർത്തുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഫാം പുരധിവാസ മേഖലയോട് ചേർന്ന കോട്ടപ്പാറ വഴിയാണ് ആനകൾ തിരികെ പ്രവേശിച്ചത്. ഇവിടെ വനാതിർ്ത്തിയിൽ ട്രഞ്ചും ട്രഞ്ചിനോട് ചേർന്ന് കരിങ്കൽ ഭിത്തിയും സ്ഥാപിച്ചിരുന്നു. ഭിത്തി തകർത്ത് ട്രഞ്ച് മൂടിയാണ് ഫാമിലേക്ക് ്പ്രവേശിച്ചതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത് .
ഫാമിലെ ഒന്നാം ബ്ലോക്കിൽ കടന്ന ആനക്കൂട്ടം മേഖലയിൽ വ്യാപകമായ നാശം വരുത്തി. നിരവധി തെങ്ങുകളും കശുമാവും കുത്തി വീഴ്ത്തി നശിപ്പിച്ചു . പാലപ്പുഴ – കീഴ്പ്പള്ളി റോഡിൽ ഏറെ നേരം താവളമാക്കിയ ആനക്കൂട്ടം റോഡരികിലെ പ്ലാവിൽ നിന്നും ചക്കകൾ പിഴുതെടുത്ത് ഭക്ഷണമാക്കി.
രണ്ടാഴ്ച്ച മുൻപാണ് ഫാമിൽ ജോലിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കാട്ടന ചവിട്ടിക്കൊന്നത് . ഇതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് ആനക്കൂട്ടത്തെ ഫാമിൽ നിന്നും വനത്തിലേക്ക് തുരത്താനുള്ള നടപടിയുണ്ടാക്കിയത്. 19 ആനകളെ തുരത്തിയെന്ന് വനം വകുപ്പ് പറയുമ്പോഴും മുപ്പതോളം ആനകൾ ഫാമിൽ ഉണ്ടായിരുന്നതായി ഫാം അധികൃതർ പറഞ്ഞു.
ആന ഭീഷണിയെ തുടർന്ന് ഫാമിലെ തൊഴിലാളികൾ കശുവണ്ടി ശേഖരണം നിർത്തിവെച്ചിരുന്നു. വനത്തിലേക്ക് തുരത്താമെന്ന വനം വകുപ്പിന്റെ ഉറപ്പിനേ തുടർന്നാണ് കശുവണ്ടി ശേഖരിക്കുന്നത് പുനരാരംഭിച്ചത്. വീണ്ടും കാനക്കൂട്ടം എത്തിയതോടെ തൊഴിലാളികൾ ഭീതിയിലായി. ബുധനാഴ്ച്ച തൊഴിലാളികൾ അണ്ടി ശേഖരിക്കാൻ വിസമതിച്ചെങ്കിലും ഫാമിന്റെ സെക്യൂരിറ്റി ജീവനക്കാർ കാവൽ നിന്നാണ് തൊഴിലാളികൾ അണ്ടി ശേഖരിച്ചത്. മഴയ്ക്ക് മുൻമ്പ് അണ്ടി മുഴുവൻ ശേഖരിക്കാനുള്ള ശ്രമത്തിനിടയിലാണ് വീണ്ടും ആനഭീഷണിയുണ്ടായത്. ഫാമിന്റെ പ്രധാന വരുമാന മാർഗമായ കശുവണ്ടി യഥാ സമയം ശേഖരിക്കാൻ കഴിയാതെ പോകുന്നത് ഫാമിന്റെ വരുമാനത്തിൽ വൻ ചോർച്ചയുണ്ടാക്കും. ആനക്കൂട്ടം വ്യാപകമായി ചെറിയ കശുമാവിൻ തൈക്കൾ കുത്തി വീഴ്ത്തുന്നതിനാൽ വരും വർഷങ്ങളിൽ വൻ ഉത്പ്പാദന ചോർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ആയിരത്തിലധികം കശുമാവിൻ ചെടികളാണ് ആനക്കൂട്ടം നശിപ്പിച്ചത്. അത്യുത്പ്പാദന ശേഷിയുള്ള ബഡ്ഡുചെയ്ത കശുമാവിൻ തോട്ടങ്ങളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്.
ഒരു വർഷത്തിനിടയിൽ ആയിരത്തിലധികം തെങ്ങുകളും കാട്ടാനകളുടെ പരാക്രമത്തിൽ നിലം പൊത്തിയിട്ടുണ്ട് . ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടമാണ് ഫാമിനെ നഷ്ടത്തിലേക്ക് നയിച്ചത്. കശുമാവ് കൂടി നശിക്കുന്നതോടെ ഫാം അടച്ചു പൂട്ടൽ ഭീഷണിയിലാകും.
അതേസമയം ഫാമിനകത്ത് കടന്ന ആനക്കൂട്ടങ്ങളിൽ ചിലത് കർണ്ണാടകത്തിലെ വനത്തിൽ നിന്നും എത്തിയതാണെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. വനത്തിനുള്ളിൽ വരൾച്ചയും ഭക്ഷണ ക്ഷാമവും രൂക്ഷമായതോടെയാണ് ആനക്കൂട്ടം മാക്കൂട്ടം വനമേഖലയിൽ നിന്നും ആറളം ഭാഗത്തേക്ക് പ്രവേശിച്ചതെന്ന് സംശയിക്കുന്നു. ഫാമിനകത്തുള്ള ആനക്കൂട്ടത്തെ കണ്ടെത്തി ഉടൻ വനത്തിലേക്ക് തുരത്തും. ഫാമിൽ കശുവണ്ടി ശേഖരണം നടക്കുന്നതിനാൽ ഉച്ചക്ക് ശേഷമേ തുരത്തൽ നടപടികൾക്ക് കഴിയുകയുള്ളുവെന്ന് ഡപ്യുട്ടി റെയിഞ്ചർ ജയേഷ് ജോസഫ് പറഞ്ഞു