മദപ്പാടു കഴിഞ്ഞു ക്ഷേത്രത്തിലെത്തിച്ച ആന ഇടഞ്ഞു; ജനം പരിഭ്രാന്തരായി
തൃശൂര്‍: മദപ്പാടു കഴിഞ്ഞു ക്ഷേത്രത്തിലെത്തിച്ച ആന ഇടഞ്ഞതു മണിക്കൂറുകളോളം പരിഭ്രാന്തി പടര്‍ത്തി. ഒളരി ഭഗവതിക്ഷേത്രത്തില്‍ തൊഴാനെത്തിച്ച ഒളരി കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്.
മദപ്പാടിനെത്തുടര്‍ന്ന് ആഴ്‌ചകളായി ആനയെ തളച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിലെത്തിച്ചത്. മദപ്പാടിനുശേഷമുള്ള ആദ്യ ദര്‍ശനം കഴിഞ്ഞു ക്ഷേത്രത്തില്‍നിന്നു പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഇടഞ്ഞത്.
ക്ഷേത്രമൈതാനത്തിലൂടെ ഓടിയ ആന മണിക്കൂറുകളോളം പരിഭ്രാന്തി പടര്‍ത്തി. മൈതാനത്തെ കൂറ്റന്‍ പനമരം പിഴുതെറിഞ്ഞ ആന കൂടി നിന്നവര്‍ക്കുനേരേയും തിരിഞ്ഞു. പാപ്പാന്മാര്‍ ആനയെ അനുനയിപ്പിക്കാന്‍ ഏറെ പണിപ്പെട്ടെങ്കിലും സാധിച്ചില്ല. എലിഫെന്റ് സ്‌ക്വാഡിന്റെ സഹായത്തേടെയാണ് ആനയെ തളച്ചത്.