ഇരിട്ടിയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ 11 പേർ വീട്ടിലേക്ക് മടങ്ങി

0 1,284

ഇരിട്ടിയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ 11 പേർ വീട്ടിലേക്ക് മടങ്ങി

ഇരിട്ടി : ഇരിട്ടിയിലെ രണ്ട് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലായി കഴിഞ്ഞ 11 പേർ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് മടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം കർണ്ണാടകത്തിലെ വിവിധയിടങ്ങളിൽ നിന്നും വന പാതകളിലൂടെ അതിർത്തിയിലെ കാലാങ്കി , തൊട്ടിപ്പാലം എന്നിവിടങ്ങളിൽ എത്തി പോലീസും ആരോഗ്യവകുപ്പും പിടികൂടി ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരാണ് ഇവർ. ഇരിട്ടി എം ടു എച്ചിൽ കഴിഞ്ഞ 10 പേരും മാടത്തിൽ സെറാനോ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഒരാളുമാണ് മടങ്ങിയത്.
ഇരിട്ടി എം ടു എച്ചിൽ നടന്ന യാത്രയയക്കൽ ചടങ്ങിൽ വെച്ച് ഇരിട്ടിജോയിന്റ് ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ ഇവർക്ക് ആരോഗ്യ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ കൈമാറി. നഗരസഭാ ചെയർമാൻ പി.പി. അശോകൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ . എൻ. രവീന്ദ്രൻ, കൊറോണാ കെയർ സെന്റർ നോഡൽ ഓഫീസർ മനോജ് കുമാർ , കൗൺസിലർ ആർ.കെ. ഷൈജു , കെ.എസ്. ഗിരിജ, കെ. രാജേഷ് എന്നിവർ പങ്കെടുത്തു. ഇവർ അവരവരുടെ വീടുകളിലും ഇനി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതിനിടെ നിരീക്ഷണത്തിലിരുന്നവർ ചേർന്ന് സമാഹരിച്ച 10,800 രൂപ മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ വശം കൈമാറിയാണ് ഇവർ നിരീക്ഷണ കേന്ദ്രത്തിന്റെ പടികൾ ഇറങ്ങിയത്.