സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ്;പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്ന് ഇഡി

0 877

സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ്;പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്ന് ഇഡി

 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി 13 ന്. കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 60 ദിവസത്തിന് ശേഷമാണ് എൻഫോഴ്സ്മെന്‍റ് കുറ്റപത്രം നൽകിയത്. ജാമ്യാപേക്ഷ നൽകിയ ശേഷമാണ് കുറ്റപത്രം നൽകിയതെന്നും സ്വപ്നക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു.

അതേസമയം കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇഡിയുടെ നിലപാട്. ജാമ്യാപേക്ഷയിൽ പിഴവുകളുണ്ട്.  സ്വപ്നയ്ക്കെതിരായ കുറ്റങ്ങൾക്ക്  ശക്തമായ  തെളിവുകൾ ഉണ്ടെന്നും ഉന്നത സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം.  ഹർജിയിൽ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.

വീഡിയോ കോൻഫറൻസിലൂടെയാണ് സ്വപ്നയുടെ ജാമ്യപേക്ഷ പരിഗണനക്ക് എടുത്തത്. ഇഡിക്ക് വേണ്ടി ദില്ലിയിൽ നിന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജുവാണ് ഹാജരായത്.