പാറശ്ശാല: ഇറാനില്‍ മീന്‍പിടിക്കാനായി പൊഴിയൂരില്‍ നിന്ന് പോയവരില്‍ പലരും 2017 ഡിസംബറിലുണ്ടായ ഓഖിയില്‍ സര്‍വവും നഷ്ടപ്പെട്ടവരാണ്. ചെറുവള്ളങ്ങളില്‍ ജോലിക്കാരായി പോയിരുന്നവര്‍ ഓഖിക്ക് ശേഷം ജോലി നഷ്ടമായതോടെ കടം തീര്‍ക്കാനാണ് ഇറാനിലേക്ക് ജോലിക്കായി പോയത്. തീരദേശത്ത് കൂടുതല്‍ പലിശക്ക് പണം കടം വാങ്ങിയതിനെത്തുടര്‍ന്ന് പണവും പലിശയും താങ്ങാതെ വന്നതോടെ വലിയ പ്രതീക്ഷയിലാണ് പലരും കടല്‍കടന്നത്. പന്ത്രണ്ട് പേര് അടങ്ങുന്ന ഈ സംഘം നാല് മാസങ്ങള്‍ക്ക് മുമ്ബാണ് ഇറാനിലേക്ക് പോയത്. എന്നാല്‍ പലരും ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് പണം അയച്ചത്. അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് വീട്ടിലേക്ക് അയയ്ക്കുവാന് കഴിഞ്ഞിട്ടുള്ളത്.
കുടുംബത്തിന്റെ കണ്ണീരിനും ദുരിതത്തിനും പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ കടല്‍കടന്ന ഇവര്‍ ഇപ്പോള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഒറ്റമുറിക്കുള്ളില്‍ കൊറോണ ഭീതിയിലാണ് കഴിയുന്നത്. പടര്‍ന്നു പിടിക്കുന്ന കോവിഡ്- 19 രോഗം ബാധിക്കാതെ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കള്‍.