സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ കാട്ടുമൃഗങ്ങൾ താവളമാക്കുന്നതായി ആക്ഷേപം. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റിൽ മൃഗങ്ങൾക്ക് തങ്ങാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഇത് പരിസരവാസികളെ ദുരിതത്തിലാക്കുകയാണ്.
കടുവ, കാട്ടുപന്നി, കാട്ടാട് എന്നിവയൊക്കെ ഇവിടെ ധാരാളമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് പുലികളുടെ താവളമായിരുന്നു ഈ എസ്റ്റേറ്റ്. കാൽ നൂറ്റാണ്ട് മുമ്പ് ജില്ലയിലാദ്യമായി കരിമ്പുലിയെ പിടിച്ചത് ഇവിടെ നിന്നാണ്. അതിന് ശേഷവും പലതവണ പുലിയുടെ സാന്നിധ്യമുണ്ടായി. ബീനാച്ചി^പനമരം റോഡിനും ബീനാച്ചി കൽപറ്റ റോഡിനും ഇടയിലാണ് എസ്റ്റേറ്റുള്ളത്. ത്രികോണാകൃതിയിൽ 300 ഏക്കറോളമാണ് വ്യാപിച്ചുകിടക്കുന്നത്. പനമരം റോഡിൽ പഴുപ്പത്തൂർ, മന്ദംകൊല്ലി, നമ്പീശൻകവല, അരിവയൽ, സിസി എന്നീ സ്ഥലങ്ങൾ എസ്റ്റേറ്റിനോട് ചേർന്നാണ് കിടക്കുന്നത്. ബീനാച്ചി, പൂതിക്കാട്, എക്സ് സർവിസ്മെൻ കോളനി, കൊളഗപ്പാറ എന്നീ സ്ഥലങ്ങൾ എസ്റ്റേറ്റിെൻറ കൽപറ്റ റോഡ് ഭാഗത്തുള്ളതാണ്. കാട്ടുമൃഗങ്ങൾ ഇവിടെയൊക്കെ എത്താൻ സാധ്യതയുണ്ട്.
കാപ്പികൃഷിയാണ് എസ്റ്റേറ്റിൽ കാര്യമായി നടക്കുന്നത്. കൃത്യമായ രീതിയിൽ തോട്ടം പരിപാലിക്കുന്ന രീതിയായിരുന്നു പത്തുവർഷം മുമ്പ് വരെയുണ്ടായിരുന്നത്. എസ്റ്റേറ്റിനുള്ളിൽ ജീവനക്കാർക്ക് താമസിക്കാൻ കെട്ടിടവും മറ്റുമുണ്ട്. വിരലിലെണ്ണാവുന്ന ജീവനക്കാരെ ഇവിടെ ഉള്ളൂവെന്നാണ് അറിയുന്നത്. ലോക്ഡൗൺ വന്നതോടെ ഏതാനും ജീവനക്കാർ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഇളവ് വന്നിട്ടും പഴയ അവസ്ഥയിലേക്ക് നീങ്ങിയില്ല. പത്തുവർഷം മുമ്പ് ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബീനാച്ചി എസ്റ്റേറ്റി െൻറ പേരും ഉയർന്നിരുന്നു. എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാറിൽനിന്നും ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്ട്രീയ നേതൃത്വങ്ങൾ അക്കാര്യത്തിൽ വലിയ താൽപര്യം കാണിച്ചില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്തിന് എസ്റ്റേറ്റ് കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല.