കെഎഎസ് പരീക്ഷ നാളെ; എഴുതുന്നത് നാല് ലക്ഷം പേര്‍; ഉദ്യോ​ഗാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0 157

 

തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്തുന്ന കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയാണിത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും നടക്കുന്ന പരീക്ഷ 4,00,014 പേരാണ് എഴുതുന്നത്.

രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടര്‍ന്നുള്ള പരീക്ഷയില്‍ പങ്കെടുപ്പിക്കില്ല. പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മുതല്‍ ഉദ്യോഗാര്‍ഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല. അപേക്ഷയില്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു തമിഴ്, കന്നട ചോദ്യക്കടലാസുകള്‍ ലഭിക്കും.
പരീക്ഷാ ഹാളില്‍ വാച്ച്‌ നിരോധിച്ചതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സമയമറിയാന്‍ പരീക്ഷാ കേന്ദ്രത്തിലെ ബെല്‍ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുന്‍പു മുതല്‍ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനല്‍ക്കാലമായതിനാല്‍ ഹാളില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, വാച്ച്‌, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍- 261. വയനാട്ടിലാണ് കുറവ്- 30. കേന്ദ്രങ്ങള്‍ക്കെല്ലാം പൊലീസ് നിരീക്ഷണമുണ്ട്. പിഎസ്‍സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ടാവും.

ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബസ് സമയം ഉള്‍പ്പെടെ വിവരങ്ങള്‍ക്കു കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2463799, 94470 71021.

Get real time updates directly on you device, subscribe now.