വനത്തിനുള്ളില്‍ വ്യാജ ചാരായവാറ്റ് : നൂറു ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

0 403

വനവകുപ്പും എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡില്‍ ചുങ്കക്കുന്ന് പൊട്ടന്തോട് വനത്തില്‍ ചാരായവാറ്റു കേന്ദ്രം കണ്ടെത്തി തകര്‍ത്തു. നൂറു ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും സഹിതം പൊട്ടന്തോട് സ്വദേശി ആലുങ്കല്‍ വീട്ടില്‍ ബിജുവിനെ പിടികൂടി.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബീവറേജും ബാറുകളും അടച്ചതോടെ ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് വന്‍തോതിലാണ് വ്യാജവാറ്റ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പേരാവൂര്‍ എക്‌സൈസും വനം വകുപ്പും ചേര്‍ന്ന് കൊട്ടിയൂര്‍ വെസ്റ്റ് വനമേഖലയില്‍ നടത്തിയ സംയുക്ത റെയ്ഡില്‍ ചുങ്കക്കുന്ന് പൊട്ടന്തോട് വനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി തകര്‍ത്തത്. 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും സഹിതമാണ് പ്രതിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.

ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മുന്‍ അബ്കാരി കേസുകളില്‍ പ്രതിയായ ഇയാള്‍ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനം വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിനായി കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. പൊട്ടന്തോടു നിന്നും കിലോമീറ്ററുകള്‍ ചെങ്കുത്തായ മല കയറിയാലാണ് വനത്തിലെ വാറ്റു കേന്ദ്രത്തില്‍ എത്തിപ്പെടാനാവുക. നൂറുലിറ്ററിന്റെ പ്ലാസ്റ്റിക് ബാരലിലാണ് വാഷ് നിറച്ചിരുന്നത്. വാറ്റു കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കാന്‍ ഉപയോഗിച്ച പൈപ്പും കലമുള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. ചാരായം വാറ്റാന്‍ പാകപ്പെടുത്തി സൂക്ഷിച്ച വാഷ് സാമ്പിളെടുത്ത ശേഷം നശിപ്പിച്ചു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലോത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സി.രാജീവന്‍, കൊട്ടിയൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി ഫോറസ്റ്റ് ഓഫീസര്‍ ഇ.കെ.സുധീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.സജീവന്‍, പി.സി.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം.ജയിംസ്, സി.പി.ഷാജി, കെ.എ.ഉണ്ണിക്കൃഷ്ണന്‍, കെ.ശ്രീജിത്ത്, എ.എം.ബിനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.ശ്യാംജിത്ത്, ഫോറസ്റ്റ് വാച്ചര്‍ കെ.സി.ബിനീഷ്, കെ.ജി.രജീഷ് എന്നിവര്‍ പങ്കെടുത്തു.