സുനിലിന് ആദരാഞ്ജലി അർപ്പിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ

0 1,220

ചെറുപ്പത്തിൽ സർവീസിൽ കയറി: അപ്രതീക്ഷിതമായി മരണം എത്തി; ജോലിക്കിടയിലെ മരണത്തിലൂടെ എക്‌സൈസിന്റെ വീരനായി സുനിൽ; സുനിലിന് ആദരാഞ്ജലി അർപ്പിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ

 

 

 

 

 

 

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ കൈവിട്ടു പോകമെന്ന ആശങ്ക മുന്നറിയിപ്പ് പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തിന് നഷ്ടമായത് മിടുമിടുക്കനായ എക്‌സൈസ് ഉദ്യോഗസ്ഥനെ. പരീക്ഷയെഴുതി പരിശീലനം പൂർത്തിയാക്കി കേരളത്തിലെ മികച്ച സേനകളിൽ ഒന്നായ എക്‌സൈസ് സംഘത്തിലെത്തിയ യുവാവിന്റെ ജീവിതമാണ് കൊവിഡ് എന്ന മഹാമാരിയിൽ കുടുങ്ങി ഇല്ലാതായത്. മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ ഡ്രൈവർ പടിയൂർ സ്വദേശി കെ.പി സുനിലിന്റെ (28)മരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഉദ്യോഗസ്ഥന്റെ മരണം സംഭവിച്ചിരിക്കുന്നത്.

 

 

കണ്ണൂരിലും സംസ്ഥാനത്തും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴാണ് ഇപ്പോൾ സർക്കാർ ജീവനക്കാരൻ തന്നെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. സർവീസിൽ കയറിയിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളുവെങ്കിലും സുനിൽ മിടുമിടുക്കനായ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.

 

 

 

ഡ്രൈവറായിരുന്നുവെങ്കിലും എക്‌സൈസ് സംഘത്തിന്റെ ആക്ഷനുകളിൽ എല്ലാം സുനിലും ഒപ്പമുണ്ടായിരുന്നു. ഇത്തരം ആക്ഷനിൽ പങ്കെടുക്കുന്നതിനിടയിലാണ് സുനിലിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. കൊറോണക്കാലത്ത് വ്യാജവാറ്റ് തടയുന്നതിനും മദ്യദുരന്തം തടയുന്നതിനും എക്‌സൈസ് സംഘം സംസ്ഥാന വ്യാപകമായി പരിശോധന അടക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ തന്നെ മരിച്ചിരിക്കുന്നത്.

 

 

മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ സുനിലിന്റെ ഫോട്ടോയാണ് സംസ്ഥാനത്തെ മിക്ക എക്‌സൈസ് ഉദ്യോഗസ്ഥരും വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്തെമ്പാടും ഉള്ള സഹപ്രവർത്തകർ.