എക്സൈസില്‍ വാഹനമുണ്ട് ഓടിക്കാനാളില്ല; 732 വാഹനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ മുന്നൂറില്‍ത്താഴെ

0 280

 

 

 

പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുമ്ബോഴും എക്സൈസില്‍ ആവശ്യത്തിനു ഡ്രൈവര്‍മാരില്ല. പലയിടത്തും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്താകെ എക്സൈസിനുള്ളത് 732 വാഹനങ്ങളാണ്. എന്നാല്‍, ഇത് ഓടിക്കാനുള്ളത് മുന്നൂറില്‍ത്താഴെ ഡ്രൈവര്‍മാര്‍മാത്രം.

എക്സൈസിനെ നവീകരിക്കുന്നതിന്റെയും എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നവംബറില്‍ 14 ടാറ്റാ ഹെക്സ വാഹനങ്ങളും 65 മഹീന്ദ്ര ടി.യു.വി. വാഹനങ്ങളുമാണ് സേനയ്ക്കു ലഭിച്ചത്. പുതിയ വാഹനങ്ങള്‍ എത്തിയപ്പോഴും ഇവ ഓടിക്കേണ്ടവരുടെ തസ്തികകള്‍ കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

277 ഡ്രൈവര്‍മാരുടെ സ്ഥിരം തസ്തികകളാണുള്ളത്. ഇതില്‍പ്പോലും ഒട്ടേറെ ഒഴിവുകളുണ്ട്. എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തെയും ഡ്രൈവര്‍ക്ഷാമം ബാധിക്കുന്നു. 15 റെയിഞ്ച് ഓഫീസുകളും ഏഴ് സര്‍ക്കിള്‍ ഓഫീസുകളും എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡുകളുമാണ് സംസ്ഥാനത്തുള്ളത്.

എറണാകുളം ജില്ലയില്‍ 24 സ്ഥിരം ഡ്രൈവര്‍മാരുടെ തസ്തികയാണുള്ളത്. എല്ലാ ഓഫീസിലെയും വാഹനങ്ങള്‍ക്ക് തുല്യമായ ഡ്രൈവര്‍മാര്‍ ഇവിടെയുമില്ല. മാമല, കോതമംഗലം, തൃപ്പൂണിത്തുറ എന്നീ റെയിഞ്ചുകള്‍ ഡ്രൈവര്‍മാരില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്.

വാഹനത്തിന്റെ പരിപാലനം നടത്തേണ്ടത് ഡ്രൈവറാണ്. താത്കാലികമായി വണ്ടിയോടിക്കാനെത്തുന്നവര്‍ വണ്ടിയുടെ പരിപാലനം ശ്രദ്ധിക്കാറില്ല. ഇത് വാഹനങ്ങള്‍ വേഗം നശിച്ചുപോകാന്‍ ഇടയാക്കുന്നു. സ്റ്റാഫ് പാറ്റേണ്‍ മാറ്റാത്തതില്‍ ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.