പ്രവാസികളെ ഉടനെ നാട്ടില്‍ എത്തിക്കാനാവില്ല, മുഖ്യ പരിഗണന പ്രതിരോധത്തിന്; കേന്ദ്രം
കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാന്‍ നിലവില്‍ പദ്ധതിയില്ല. പ്രതിരോധത്തിനാണ് ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.നിരീക്ഷണം നടത്തി കാലയളവ് പൂര്‍ത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ അവിടേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കഴിയില്ല. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ പറ്റി ആലോചിച്ച് കൂടെ എന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി