വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ സ്ഫോടനങ്ങൾ നടത്തുന്നത് നിയമപരമായി അനുവദിക്കപ്പെട്ടതിലും പതിന്മടങ്ങ് ശക്തിയിൽ; കോൺഗ്രസ്
അയ്യൻകുന്ന്: വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ തൊഴിലാളിയായ രതീഷ് ജോലിക്കിടയിൽ അപകടത്തിൽ മരിക്കാനിടയായത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു കൊണ്ടാണെന്ന് സംഭവസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നിയമപരമായി അനുവദിക്കപ്പെട്ടതിലും പതിൻ മടങ്ങ് ശക്തിയിലാണ് ഇവിടെ സ്ഫോടനങ്ങൾ നടത്തുന്നത്. അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഖനനം നടക്കുന്നതായും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന രീതിയിൽ അനിയന്ത്രിത സ്ഫോടനം നടത്തുന്നതായും മനസിലായി.
അനുവദിച്ച സമയക്രമം പാലിക്കാതെ രാത്രിയും പകലും തുടർച്ചയായി ഖനനം നടക്കുന്നതായും സമീപവാസികളിൽ നിന്നും അറിയാൻ സാധിച്ചതായി നേതാക്കൾ അറിയിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഉടൻ നടപടി ഉണ്ടാകണം ക്രഷറിലെ തൊഴിലാളികളുടെയും, സമീപ വാസികളുടെയും സുരക്ഷിതത്വം ഉറപ്പാക്കിയതിന് ശേഷം മാത്രമേ തുടർ പ്രവർത്തനത്തിനുള്ള അനുമതി നൽകാൻ പാടുള്ളുവെന്നും രതീഷിന്റെ കുടുബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് നേതാക്കൾ അവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജയിൻസ് മാത്യു, മനോജ് എം. കണ്ടത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ തോമസ്, സെബാസ്റ്റ്യൻ പറക്കണശേരി, ഷിബോ കൊച്ചുവേലിക്കകത്ത്, ബിനോയി, ജോഷി മഞ്ഞപ്പള്ളി, നിധിൻ രാജ്, സുനീഷ് തോമസ്, ഷിൽജോ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.