ഡല്‍ഹിയിലെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

0 255

 

ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ നിന്ന് കണ്ടെത്തിയ ഐഇഡിയില്‍ അമോണിയം നൈട്രേറ്റും ആര്‍ഡിഎക്സും അടങ്ങിയ ടൈമര്‍ ഘടിപ്പിച്ചിരുന്നതായി ദേശീയ സുരക്ഷാ ഗാര്‍ഡ്(എന്‍എസ്ജി). ദുരൂഹസാഹചര്യത്തില്‍ സീമാപുരിയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എന്‍എസ്ജി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മൂന്ന് കിലോയോളം ഭാരമുള്ളതാണ് കണ്ടെത്തിയ സ്‌ഫോടക വസ്തു. ഡല്‍ഹി പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എന്‍എസ്ജിയുടെ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡ് സമീപത്തുവെച്ച് തന്നെ ഐഇഡി നിര്‍വീര്യമാക്കുകയായിരുന്നു.

കഴിഞ്ഞ മാസവും ഡല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ നിന്നും സമാനമായ സ്‌ഫോടക വസ്തു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് അന്വേഷണം നടത്തുന്നത്.