ഐഐടി ശുചിമുറിയില്‍ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; കയ്യോടെ പിടിച്ച്‌ പെണ്‍കുട്ടി

0 140

 

 

 

 

 

 

 

 

 

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ശുചിമുറിയില്‍ കയറിയ പെണ്‍കുട്ടിയുടെ വീഡിയോ രഹസ്യക്യാമറയില്‍ എടുക്കാന്‍ ശ്രമിച്ച റിസര്‍ച്ച്‌ അസിസ്റ്റന്‍റിനെ അറസ്റ്റ് ചെയ്തു. എയറോസ്പേസ് എന്‍ഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ശുഭം ബാനര്‍ജിയാണ് പിടിയിലായത്. ചുമരിലെ ദ്വാരത്തിലൂടെ വീഡിയോ എടുക്കാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി തന്നെയാണ് പിടികൂടിയത്.

ശുചിമുറിയുടെ ചുമരിലെ ദ്വാരത്തില്‍ അസ്വഭാവിക അനക്കം കണ്ടാണ് വിദ്യാര്‍ത്ഥിനി ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോള്‍ പുറത്ത് നിന്നാെരാള്‍ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്ന് മനസ്സിലായി.പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ശുചിമുറിയുടെ തൊട്ടുസമീപത്തുള്ള മറ്റൊരു ശുചിമുറിയില്‍ നിന്നാണ് ശുഭം ബാര്‍ജി വീഡിയോ എടുക്കാന്‍ തുടങ്ങിയത്. ഉടന്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി ശുഭം ബാനര്‍ജി കയറിയ ശുചിമുറി പുറത്ത് നിന്ന് പൂട്ടി. പിന്നാലെ സുഹൃത്തുക്കളെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ശുഭം ബാര്‍ജിയെ പിടികൂടിയത്.

പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശുഭം ബാനര്‍ജിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തിയില്ലെന്നാണ് പൊലീസ് വിശദീകരണം. ശുചിമുറിയില്‍ കുടുങ്ങിയ സമയത്തിനുള്ളില്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്ന് സംശയിക്കുന്നു.

മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം ഇയാള്‍ ജാമ്യത്തിലറിങ്ങി. മലയാളിയായ ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലും പ്രാഥമിക അന്വേഷണം നടത്തിയത് കോട്ടൂര്‍പുരം പൊലീസാണ്. തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥ കേസന്വേഷത്തിന് തിരിച്ചടിയായെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മദ്രാസ് ഐഐടിപ്രതികരിച്ചിട്ടില്ല.