ഏഴിമല നാവിക അക്കാദമി പ്രദേശത്ത്അജ്ഞാത ഡ്രോണ്‍: സുരക്ഷാവീഴ്ചയും അന്വേഷിക്കുന്നു

0 171

 

പയ്യന്നൂര്‍ : നിരോധിതമേഖലയായ ഏഴിമല നാവിക അക്കാദമി പ്രദേശത്ത് അജ്ഞാത ഡ്രോണ്‍ പറന്ന സംഭവത്തില്‍ അക്കാദമിയിലെ സുരക്ഷാവീഴ്ചയും അന്വേഷിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമലയിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളാണ് ഡ്രോണ്‍ കണ്ടെത്തിയതിലൂടെ പുറത്തുവരുന്നത്. 26-ന് രാത്രിയാണ് നാവിക അക്കാദമി പ്രദേശത്തെ കടല്‍ത്തീരത്തുകൂടി അജ്ഞാത ഡ്രോണ്‍ പറന്നത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് ഡ്രോണ്‍ കണ്ടത്. കടലില്‍ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നതിനാലാണ് വെടിവെക്കാന്‍ മടിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീടത് അപ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ മൊഴി.
ഡ്രോണ്‍ പറന്ന കടല്‍ത്തീരം റഡാര്‍ പരിധിക്ക് പുറത്തായിരുന്നതായാണ് സൂചന. റഡാര്‍ സാങ്കേതികവിദ്യകളുടെ പഠനം കൂടി നടക്കുന്ന ഇവിടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റഡാറുകളുണ്ട്. കൂടാതെ, ആധുനിക സാങ്കേതികവിദ്യകളും സുരക്ഷാസംവിധാനങ്ങളുമുണ്ടായിട്ടും നാവിക അക്കാദമി പ്രദേശത്ത് കടന്ന ഡ്രോണിന്റെ സഞ്ചാരപഥമോ ലക്ഷ്യമോ കണ്ടെത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നത് സുരക്ഷാ ക്രമീകരണത്തിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അക്കാദമിയുടെ റഡാര്‍ പരിധികള്‍ മറികടന്നാണ് ഡ്രോണ്‍ എത്തിയെതെന്ന പോലീസിന്റെ പ്രാഥമിക കണ്ടെത്തലും ഇതേ ദിശയിലേക്കാണ്.

കടല്‍തീരത്ത് നൂറ്ുമീറ്റര്‍ ഉയരത്തില്‍ പറന്നാല്‍പോലും ഏകദേശം നാല് കിലോമീറ്ററോളം ചുറ്റളവില്‍ അക്കാദമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുമെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഡ്രോണിന്റെ ലക്ഷ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അക്കാദമിയുടെ പയ്യന്നൂര്‍, രാമന്തളി, കണ്ണൂര്‍ ഗേറ്റുകളില്‍ നിലവില്‍ കര്‍ശനമായ നിരീക്ഷണങ്ങളും പരിശോധനകളും നടക്കുന്നുണ്ട്. എന്നാല്‍, സുരക്ഷാവേലിയും മതിലുകളുമില്ലാത്ത കടലോരത്ത് ഇത്തരം സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതും പോരായ്മയായി അവശേഷിക്കുന്നുണ്ട്.

പ്രാദേശികമായി തളിപ്പറമ്ബ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നേവല്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷിച്ചുവരുന്നത്. എന്നാല്‍, ഇവര്‍ക്ക് നാവിക അക്കാദമിക്കുള്ളില്‍ പ്രവേശിച്ചുള്ള അന്വേഷണങ്ങള്‍ക്കും തെളിവുകള്‍ ശേഖരിക്കുന്നതിനും ഒട്ടേറെ പരിമിതികളുമുണ്ട് എന്നതും കേസന്വേഷണത്തിന് തടസ്സമാകുന്നുണ്ടെന്നാണ് വിവരം. പോലീസിനൊപ്പം മറ്റ് അന്വേഷണ വിഭാഗങ്ങളും സംഭവത്തെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.