ഫേസ്ബുക്കിന് മുൻ വിധിയാണ്; ഫേസ്ബുക്കിനോട് വിട്ടുവീഴ്ച ഇല്ലാതെ ഡൽഹി സർക്കാർ
ഡൽഹികലാപ വിഷയത്തിൽ ഫേസ്ബുക്കിനോട് വിട്ടുവീഴ്ച ഇല്ലാതെ ഡൽഹി സർക്കാർ. ഫേസ്ബുക്കിന് മുൻ വിധിയാണെന്ന് ഡൽഹി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഡൽഹി കലാപ വിഷയത്തിൽ വിളിച്ച് വരുത്തിയത് സാക്ഷിയായിട്ടാണ്. ഫേസ്ബുക്കിന്റെ തടസവാദം സ്വയം പ്രതിസ്ഥാനം പ്രഖ്യാപിക്കുന്നതാണെന്നും ഡൽഹി സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി.
ഡൽഹി നിയമസഭയുടെ പീസ് ആൻഡ് ഹാർമണി കമ്മറ്റി ഫേസ്ബുക്കിന് നൽകിയ നോട്ടിസിൽ നിലപാട് കടുപ്പിക്കുകയാണ് ഡൽഹി സർക്കാർ. ഫേസ്ബുക്ക് നിയമസഭാ സമിതിയെ അവമതിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രിംകോടതിയെ അറിയിച്ചു. ഡൽഹി കലാപത്തിന്റെ കാരണങ്ങളിൽ വ്യക്തത ഉണ്ടാക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് നിയമസഭ സമിതിയോട് ആവശ്യപ്പെട്ടത്. കമ്മറ്റി നടത്തുന്ന് അന്വേഷണം സിവിൽ ക്രിമിനൽ ചട്ടങ്ങളുടെ ഭാഗമല്ല. ഇത്തരം അന്വേഷണത്തിൽ വിവരം നൽകാനുള്ള സാമൂഹ്യ ബാധ്യത ഫേസ്ബുക്കിന് ഉണ്ടെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് ഹാജരാകണം എന്ന നിലപാടും ഡൽഹി സർക്കാർ സുപ്രികോടതിയെ അറിയിച്ചു. നിയമസഭ റൂളുകൾക്ക് അനുസരിച്ച് വിളിച്ചതിനാൽ ഫേസ്ബുക്ക് ഹാജരായേ മതിയാകു. വൈസ് പ്രസിഡന്റ് അജിത് മോഹൻ ഹാജരായി ഫേസ്ബുക്കിലൂടെ നടന്ന വിദ്വേഷ പ്രചരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ തെളിവ് നൽകേണ്ടത് നീതിയുടെ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അഭിഷേക് മനുസിംഗ്‌വിയാണ് ഡൽഹി സർക്കാരിനെ സുപ്രിംകോടതിയിൽ പ്രതിനിധീകരിക്കുന്നത്.