ഫെയ്‌സ്‌ബുക്ക് പേജിലെ അസഭ്യം: വി.ഡി.സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്തു

0 562

ഫെയ്‌സ്‌ബുക്ക് പേജിലെ അസഭ്യം: വി.ഡി.സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്തു

കൊച്ചി: ഫെയ്‌സ്‌ബുക്ക് പേജിലെ അസഭ്യപരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്തു. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിനാണ് കേസ്.

പറവൂര്‍ മന്നം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അബ്‌ദുള്‍ സലാം, ഭാര്യ പി.എസ്.അഷിത, സലാമിന്റെ ഉമ്മ റുഖിയ സുബൈര്‍ എന്നിവരുടെ പരാതികളിലാണ് പറവൂര്‍ പൊലീസ് എംഎല്‍എക്കെതിരെ കേസെടുത്തത്‌. വി.ഡി.സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന അസഭ്യവര്‍ഷത്തിന്റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു.

മൂന്ന് ആഴ്‌ച മുന്‍പായിരുന്നു സംഭവം. എന്നാല്‍, തന്റെ ഫെയ്‌സ്‌ബുക്ക് ഹാക്ക് ചെയ്‌തതാണെന്നായിരുന്നു സതീശന്‍ ആരോപിച്ചത്. സംഭവത്തില്‍ കോടതിയുടെ അനുമതിയോടെയാണ് വി.ഡി.സതീശനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 120 ഒ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്‌ബുക്ക് ഹാക്ക് ചെയ്‌തെന്ന എംഎല്‍എയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്‌.

 

മദ്യത്തിന് സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.ഡി.സതീശനിട്ട പോസ്റ്റിനു താഴെ അബ്‌ദുള്‍ സലാം കമന്റ്‌ ചെയ്‌തിരുന്നു. ഈ കമന്റിനു താഴെ അബ്‌ദുള്‍ സലാമിനു സതീശന്‍ മറുപടി നല്‍കിയത് അസഭ്യവര്‍ഷമാണെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമാണെന്നാണ് എംഎല്‍എ ആദ്യം ആരോപിച്ചത്. എന്നാല്‍, പിന്നീട് തന്റെ ഫെയ്‌സ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. എന്നാല്‍, ഇത് വ്യാജമല്ലെന്നും സത്യം തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് നല്‍കാന്‍ തയ്യാറാണെന്നും സ്‌ക്രീന്‍ പതിപ്പെടുത്ത തൃത്താല സ്വദേശി ചള്ളിക്കുന്നത്ത് നഹാസ് അറിയിച്ചു.

ആരോപണമുയര്‍ന്നതിനു പിന്നാലെ തനിക്കെതിരെ സെെബര്‍ സഖാക്കള്‍ നടത്തുന്ന ആക്രമണമാണിതെന്ന് വി.ഡീ.സതീശന്‍ പ്രതികരിച്ചിരുന്നു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ തന്റേത് അല്ലെന്നും സെെബര്‍ സഖാക്കള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിക്കാത്ത വാക്കുകളാണ് സ്ക്രീന്‍ഷോട്ടിലേതെന്നും സതീശന്‍ പറഞ്ഞു. സെെബര്‍ കുറ്റകൃത്യം ആയതുകൊണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് എംഎല്‍എ മൂന്ന് ആഴ്‌ച മുന്‍പ് പറഞ്ഞത്.