ഫോൺ കൈമാറാൻ തടസ്സമെന്ത്? അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടിവരും; ദിലീപിന് കോടതിയുടെ രൂക്ഷവിമർശനം
ഗൂഢാലോചനാ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈൽ ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ പൊലീസ് ചോദിച്ച ഫോണുകൾ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപ് മറുപടി നൽകി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഫോറൻസിക് പരിശോധന കഴിഞ്ഞ് ഫോൺ ലഭിക്കാൻ ഒരാഴ്ചയെടുക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് കടന്നുകയറാനാണെന്ന പൊലീസ് ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണ് ഫോണുകൾ ഹാജരാക്കാൻ നോട്ടിസ് നൽകിയതെന്നും ദിലീപ് പറഞ്ഞു.
ഫോൺ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദിലീപ് അതും വിസമ്മതിച്ചു. ഫോൺ ഹൈക്കോടതിക്കും അന്വേഷണ സംഘത്തിനും കൈമാറില്ലെന്ന് ദിലീപ് പറഞ്ഞു. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിലെ വിചാരണയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.