ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ തീ പൂര്‍ണമായും കെട്ടില്ല; കെടുത്തല് പ്രവര്‍ത്തനം തുടരും
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ തീ പൂര്‍ണമായും കെട്ടില്ല; കെടുത്തല് പ്രവര്‍ത്തനം തുടരും
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചത് പൂര്‍ണമായും കെടുത്താനായില്ല. അഞ്ചു ദിവസങ്ങളായി തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തീ എത്രയും പെട്ടെന്ന് കെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കണ്ണൂരില്‍ നിന്നുള്ള രണ്ടു യൂണിറ്റും തലശേരി, തളിപ്പറന്പ്, മട്ടന്നൂര്‍, കൂത്തുപറന്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ യൂണിറ്റും ദിവസങ്ങളായി തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും പൂര്‍ണമായും അണഞ്ഞിട്ടില്ല. മാലിന്യക്കൂന്പാരത്തിനു മുകള്‍ഭാഗത്തെ തീ കെടുത്തിയെങ്കിലും അടിഭാഗത്തെ മാലിന്യം പുകഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്.
മാലിന്യം കത്തുന്നതിന്റെ പുക അന്തരീക്ഷത്തില്‍ കെട്ടിക്കിടക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. പുകകാരണം ഗുരുതരമായ ആരോഗ്യ പ്രശ്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അഗ്നിരക്ഷാ സേന തങ്ങളുടെ പക്കലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തീ അണയ്ക്കല്‍ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കിമറിച്ചാണ് വെള്ളംചീറ്റി തീ കെടുത്തുകയാണ്.
അതേസമയം ഭൂമിശാസ്ത്രപരമായ ഘടനകാരണം ജെസിബിക്കു പൂര്‍ണമായും മാലിന്യം ഇളക്കി മറിക്കാനാകാത്ത അവസ്ഥയുണ്ട്. ചെറുമണ്ണിമാന്തിയന്ത്രമായ ഹിറ്റാച്ചി പോലുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കിയാല്‍ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും. എന്നാല്‍ ആവശ്യത്തിന് ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കോര്പറേഷന് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ആരോപണമുണ്ട്. വെള്ളത്തിന്റെ ലഭ്യതയും തീകെടുത്തല്‍ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ വാഹനത്തിലെ വെള്ളം തീരുന്ന മുറയ്ക്ക് കോര്‍പറേഷന്റെ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് തീയണയ്ക്കല്‍ പ്രവര്‍ത്തനം നടത്തുന്നത്.