വീടുകളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് കൂടുന്നു; പരിശോധന കർശനമാക്കി പോലീസും എക്സൈസും

വീടുകളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് കൂടുന്നു; പരിശോധന കർശനമാക്കി പോലീസും എക്സൈസും

0 572

വീടുകളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് കൂടുന്നു; പരിശോധന കർശനമാക്കി പോലീസും എക്സൈസും

 

ഇരിട്ടി: പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന ശക്തമാക്കുമ്പോഴും വീടുകളും പുഴ തീരങ്ങളും കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് പോലീസിനും എക്സൈസിനും തലവേദനയാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള അഞ്ച് വ്യാജവാറ്റ് കേന്ദ്രങ്ങളാണ് മലയോരമേഖലയിൽ കണ്ടെത്തിയത്. പുഴയുടെ തീരങ്ങളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കണ്ടെത്തിയിടുണ്ട്. ലോക്ക് ഡൗണിന്റെ മറവിൽ മലയോര മേഖലയിൽ വ്യാജവാറ്റ് സംഘങ്ങൾ വ്യാപകമാകാൻ ഇടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസും പോലീസും പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.

എന്നാൽ ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളിൽ അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാധാരണ വാറ്റ് നടക്കാറുള്ള സ്ഥലങ്ങളിൽപോലും ശാന്തമായിരുന്നു. എന്നാൽ, തുടർന്നുള്ള പത്ത് ദിവസത്തിനിടയിൽ നിരവധി വ്യാജവാറ്റ് സംഘങ്ങളെയാണ് പോലീസും എക്സൈസും പിടികൂടിയത്. വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റാണ് ഇപ്പോൾ ഏറിയിരിക്കുന്നത്. ജനവാസമേഖലയിൽ പോലും ഇത്തരത്തിലുള്ള വാറ്റ് കൂടിവരുന്നത് അന്വേഷണ സംഘങ്ങൾക്ക് തലവേദനയാവുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റ് പിടിക്കപ്പെടുന്നത്. മൂന്നുനാലുപേർ ചേർന്ന് സംഘങ്ങളായാണ് വീടുകളിൽനിന്ന്‌ വാറ്റുന്നത്. ഇത്തരത്തിൽ നടക്കുന്ന വാറ്റുകൾ കണ്ടെത്തുക ഏറെ ശ്രമകരമാണ്. സമീപവാസികളുടെ കാര്യമായ പിന്തുണ ഉണ്ടായാൽ മാത്രമേ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിൽ എടൂരിൽനിന്ന്‌ പായം മുക്കിൽനിന്നും മുഴക്കുന്നിൽനിന്നും തില്ലങ്കേരിയിൽനിന്നുമെല്ലാം വീടുകളിൽ നടക്കുന്ന വ്യാജ ചാരായ വാറ്റ് കണ്ടെത്താൻ കഴിഞ്ഞത് നാട്ടുകാരിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
രഹസ്യവിവരങ്ങൾ നല്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വിവരങ്ങൾ പുറത്തുപോകുമെന്ന പേടി വേണ്ടെന്നുമാണ് പോലീസും എക്സൈസും പറയുന്നത്. ബാറുകളും മദ്യഷോപ്പുകളും അടഞ്ഞുകിടക്കുന്നതിനാൽ നിലവിൽ വാങ്ങി സൂക്ഷിച്ചവരുടെ സ്റ്റോക്കുകൾ കഴിയുന്നതോടെ വ്യാജൻ എത്താനുള്ള സാധ്യതയും ഏറെയാണ്. ചിലർ ഒരു തൊഴിലെന്നരീതിയിലും വ്യാജ ചാരായത്തിന്റെ ഉത്പാദനത്തെ കാണുന്നുണ്ട്. ആവശ്യക്കാർ ഏറിയതുകാരണം നേരത്തെ ഒരു കുപ്പി നാടൻ വ്യാജന് 500 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നും നാലും ഇരട്ടി വിലയാണ് ലഭിക്കുന്നത്. മലയോര മേഖലയിൽ കർണാടക മദ്യവും ഉയർന്ന വിലയ്ക്ക് വ്യാപകമായി എത്തുന്നുണ്ട്. നേരത്തെ ചെറിയ കുപ്പി കർണാടക മദ്യത്തിന് 300രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോൾ ഇതിന് 1500രൂപ നൽകണം.
കർണാടകത്തിൽനിന്ന്‌ വനത്തിലൂടെ കിലോമീറ്ററുകളോളം നടന്നുപോയാണ് ഇവ എത്തിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളും മേഖലയിൽ ശക്തമായിട്ടുണ്ട്. രഹസ്യവിവരങ്ങൾ ലഭിച്ചാൽ മാത്രമെ ഇത്തരം സംഘങ്ങളുടെ പ്രവർത്തനവും പോലീസിനും എക്സൈസിനും ചെറുക്കാൻ കഴിയൂ. വരുംദിവസങ്ങളിലും വ്യാജനെ കണ്ടെത്താൻ പരിശോധന ശക്തമാക്കാനാണ് തീരുമാനം. വ്യാജ വാറ്റുകൾക്ക് പ്രാദേശികമായി ലഭിക്കുന്ന പിൻതുണ ഇല്ലാതാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്