ഡേറ്റിങ് ആപ്പ് വഴി പരിചയം; മുംബൈയിൽ മലയാളി യുവാവ് മുറിയിൽ പൂട്ടിയിട്ട കാനഡക്കാരിയെ രക്ഷപ്പെടുത്തി

0 809

ഡേറ്റിങ് ആപ്പ് വഴി പരിചയം; മുംബൈയിൽ മലയാളി യുവാവ് മുറിയിൽ പൂട്ടിയിട്ട കാനഡക്കാരിയെ രക്ഷപ്പെടുത്തി

മുംബൈ:‌ മലയാളി യുവാവ് ഹോട്ടൽമുറിയിൽ പൂട്ടിയിട്ട കനേഡിയൻ സ്വദേശിയെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. യുവതിയുടെ മാതാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പവായില ഒരു ഹോട്ടലിൽനിന്ന് 28കാരിയെ പോലീസ് രക്ഷപ്പെടുത്തിയത്. കേസിൽ മലയാളിയായ എസ് വര്‍ഗീസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
2018 ലാണ് കാനഡയിലെ ആൽബേർട്ടയിൽനിന്നുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെ വർഗീസ് പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാകുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. യുഎസിലെ കാലിഫോര്‍ണിയയിലാണ് താമസമെന്നാണ് അന്ന് യുവതിയോട് അയാൾ പറഞ്ഞിരുന്നത്. 2019 ഏപ്രിൽ ഇരുവരും ഹോങ്കോങ്ങില്‍വച്ച് നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുഎസിലെ വീട്ടില്‍ തീപ്പിടിത്തമുണ്ടായെന്നും പണവും മറ്റ് ബാങ്ക് കാര്‍ഡുകളും നശിച്ചുപോയെന്നും പറഞ്ഞ് വർഗീസ് യുവതിയോട് വൻ തുക ആവശ്യപ്പെട്ടു. ഉടൻ തിരിച്ച് നൽകാമെന്ന് ഉറപ്പുതന്നതിനാൽ യുവതി വർഗീസിന് പണം നൽകി.
പിന്നീട് നാല് മാസത്തോളം ഇരുവരും യുവതിയുടെ ചെലവില്‍ പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. ആ വർഷം ഓഗസ്റ്റിലായിരുന്നു യുവതി വർഗീസിനൊപ്പം ആദ്യം മുംബൈയിലെത്തുന്നത്. ഖാർ പ്രദേശത്ത് വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ ഇരുവരും താമസവും തുടങ്ങി. അന്നും വർഗീസ് യുവതിക്ക് നൽകാനുള്ള പണം തിരിച്ച് നൽകിയിരുന്നില്ല. പലപ്പോഴായി തിരികെ കാനഡയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയെ ഇന്ത്യവിട്ട് പോകാൻ വര്‍ഗീസ് അനുവദിച്ചിരുന്നില്ല. ഇതുകൂടാതെ യുവതിയെ ഇയാൾ മര്‍ദിക്കാനും അസഭ്യം പറയാനും തുടങ്ങി. പിന്നീട് സഹിക്കെട്ട യുവതി ഇയാളുടെ കണ്ണുവെട്ടിച്ച് കാനഡയിലേക്ക് പോയി. ഇതിനിടെ മറ്റു സ്ത്രീകളുമായും വര്‍ഗീസിന് അടുപ്പമുണ്ടെന്ന് യുവതി മനസിലാക്കി.
തുടര്‍ന്ന് വര്‍ഗീസുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ച് പണം തിരികെവാങ്ങാൻ യുവതി തീരുമാനിച്ചു. എന്നാല്‍ തന്നെവിട്ട് പോകരുതെന്നും ബന്ധം തുടരണമെന്നും വർഗീസ് യുവതിയെ നിർബന്ധിച്ചു. ഇന്ത്യയിലേക്ക് വരണമെന്നും എപ്പോള്‍ വേണമെങ്കിലും തിരികെപോകാമെന്നും വർഗീസ് വാക്കും നല്‍കി. ഇത് വിശ്വസിച്ച യുവതി കഴിഞ്ഞ ജനുവരി 27ന് വീണ്ടും മുംബൈയിലേക്ക് മടങ്ങിയെത്തി.
എന്നാല്‍ യുവതി മടങ്ങിയെത്തിയതോടെ വർഗീസ് തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്തു. യുവതിയെ ഇയാൾ നിരന്തരം മര്‍ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. യുവതിയുടെ കൈവശമുള്ള പണം വർഗീസ് ബലമായി പിടിച്ചുവാങ്ങാൻ തുടങ്ങി. പണം തീർന്നതോടെ യുവതിയെക്കൊണ്ട് കൂട്ടുകാരില്‍നിന്നും പണം വാങ്ങിപ്പിച്ചു. യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളെല്ലാം അയാൾ കൈക്കലാക്കി. കാനഡിയേലക്ക് തിരിച്ചു പോകണമെന്ന് ഇനി ആവശ്യപ്പെട്ടാൽ കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തി.
മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നതിനിടെയാണ് യുവതിക്ക് മൊബൈല്‍ ഫോണ്‍ കൈയില്‍കിട്ടിയത്. തുടര്‍ന്ന് കാനഡയിലുള്ള ഒരു സുഹൃത്തിനെ വിളിച്ചുപറയുകയും ഇവര്‍ യുവതിയുടെ മാതാവിനെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. പിന്നാലെ മകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ മുംബൈ പോലീസിന് പരാതി നല്‍കുകയായിരുന്നു.