തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യ ധാന്യകിറ്റ് നല്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ നല്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാവര്ക്കും ഭക്ഷ്യ ധാന്യകിറ്റ് സൗജന്യമായി നല്‍കാനാണ് ആലോചന.
എന്നാല്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കു നല്കുന്ന സൗജന്യ കിറ്റിലെ പോലെ 16 ഇനങ്ങള്‍ ഇതില്‍ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് 87.14 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി എത്ര ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വേണ്ടിവരുമെന്ന കണക്ക് എടുക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ചരക്കു നീക്കത്തിനു പ്രതീക്ഷിച്ച വേഗമില്ലാത്തതിനാല്‍ വന്‍കിട വ്യാപാരികളുടെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.
കൊറോണ ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യം സൗജന്യമായി നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . നിലവില്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുന്‍ഗണനാ വിഭാഗം (പിങ്ക് കളര്‍) കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗം കാര്‍ഡുകള്‍ക്ക് (നീല, വെള്ള) കാര്‍ഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.