കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകപ്രതിഷേധം ഇന്നും തുടരും

0 536

കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധം ഇന്നും തുടരും. രാവിലെ പതിനൊന്ന് മണിയ്ക്ക് ജന്ദർ മന്ദറിലാണ് കർഷകരുടെ പ്രതിഷേധം. സിങ്കു, തിക്രി, ഗാസിപ്പൂർ എന്നീ സമര കേന്ദ്രങ്ങളിൽ നിന്ന് 200 ഓളം കർഷകർ ജന്ദർ മന്ദറിൽ പ്രതിഷേധത്തിനെത്തും. അതെസമയം യു.പി, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു.

ലക്ക്നൗവിൽ നടത്തിയ കർഷക സംഘടനകളുടെ യോഗത്തിലാണ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുന്നതിനെ സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ എട്ട് മാസമായി പ്രതിഷേധിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്നത് വരെയാണ് ജന്തര്‍മന്ദിറില്‍ ഇരുന്നൂറോളം പേരടങ്ങുന്ന കര്‍ഷക സംഘത്തിന്‍റെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.